ആറ്റിങ്ങൽ നഗരസഭ പരിധിയില്‍ കണ്ടെത്തിയ 76 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് നഗരസഭ സ്ഥാപനതല മേധാവികളുടെ യോഗം ചേര്‍ന്നു.
പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മൈക്രോ പ്ലാന്‍ യോഗത്തില്‍ അംഗീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അടിയന്തരമായി നല്‍കേണ്ടത്, ഹ്രസ്വകാലയളവില്‍ നല്‍കേണ്ടത്, ദീര്‍ഘകാലയളവില്‍ നല്‍കേണ്ടത് എന്നിങ്ങനെ മൂന്നായി മൈക്രോ പ്ലാനുകള്‍ തരം തിരിച്ചു. റേഷന്‍ കാര്‍ഡ്, ഇലക്ഷന് ഐ.ഡി, ആധാര്‍ കാര്‍ഡ് എന്നിവ ഇല്ലാത്ത ഗുണഭോക്താക്കള്‍ അടിയന്തരമായി നല്‍കേണ്ട പട്ടികയിലാണെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് ഇവ നേടിയെടുക്കണമെന്നും കാലതാമസം കൂടാതെ ഇത് ലഭ്യമാക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പാചകം ചെയ്ത ഭക്ഷണം, ഭക്ഷ്യക്കിറ്റ്, ക്ഷേമ പെന്ഷന്, ഹെല്‍ത്ത് കാര്‍ഡ്, വീട് പുനരുദ്ധാരണം, ഭൂമിയും വീടും, കുടുംബശ്രീ അംഗത്വം, കുടിവെള്ള കണക്ഷന്, വൈദ്യുതി കണക്ഷന്, ബാങ്ക് അകൗണ്ട്, ആരോഗ്യ പ്രശ്ന പരിഹാരം, ടോയ്ലെറ്റ്, തൊഴില്‍കാര്‍ഡ്, വികലാംഗ സര്‍ട്ടിഫിക്കറ്റ്, ആശ്വാസകിരണ്‍ പദ്ധതി, ഷെല്‍ട്ടര്‍ഹോം, സ്വയംതൊഴില്‍, നിയമസഹായം എന്നിവ ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ചുമതല നല്കി.
ചെയര്‍പേഴ്സണ്‍ അഡ്വ എസ് കുമാരി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ, വൈസ് ചെയര്മാന് ജി തുളസീധരന്‍പിള്ള, സെക്രട്ടറി അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

