ആറ്റിങ്ങൽ ബൈപ്പാസ് ഉൾപെടുന്ന ദേശീയപാത വികസനത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ അടൂർ പ്രകാശ് എം.പി.യും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച എം.പിയും ദേശീയ പതാക അതോറിറ്റി ഉദ്യോഗസ്ഥരും പണികൾ വിലയിരുത്തുകയും എത്രയും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പൂർത്തീകരിക്കുവാൻ നിർമ്മാണം ടെൻഡർ എടുത്ത കമ്പനിക്ക് എം.പി നിർദ്ദേശം നൽകുകയും ചെയ്തു. എം.പി യുടെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോടൊപ്പം നിർമ്മാണ കമ്പനി പ്രതിനിധികളും ഉണ്ടായിരുന്നു. ദേശീയപാതയുടെ പ്രവർത്തനങ്ങൾ പല റീച്ചുകളായി തിരിച്ച് ഒരേസമയം നിർമ്മാണം നടക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന് നിർമ്മാണ കമ്പനി പ്രതിനിധികൾ വിശദീകരിച്ചു. നിർമ്മാണ കമ്പനിക്ക് അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കുന്ന വേഗത്തിലാണ് പണികൾ നടക്കുന്നതെന്നും നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലുള്ള പുരോഗതിയും വിലയിരുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. എം.പി.യോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു വൈദ്യുതി, ജല അതോറിറ്റി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങളിൽ എം.പി നടത്തിയ ഇടപെടലും അതിലെ പുരോഗതിയും അടൂർ പ്രകാശ് എം.പി വിശദീകരിച്ചു. നിലവിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഭാഗത്ത് ഒരു മൊബൈൽ ടവർ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് മാറ്റുന്നതിനുള്ള ഇടപെടൽ വേണം എന്ന് ഉദ്യോഗസ്ഥർ ആവശ്യപെട്ടു. ബി.എസ്.എൻ.എൽ ജനറൽ മാനേജരുമായിബന്ധപ്പെട്ട് ഇന്ന് തന്നെ ആവശ്യം ഉന്നയിക്കാം എന്ന് എം.പി ഉറപ്പ് നൽകി. ദേശീയപാത ഉദ്യോഗസ്ഥരുമായും നിർമ്മാണ കമ്പനി പ്രതിനിധികളുമായും നിരന്തരം ബന്ധപ്പെടുന്നതായും നിർമ്മാണത്തിൽ അപാകതകൾ ഉണ്ടാകാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നും എം.പി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വലിയൊരു വാഗ്ദാനം നിറവേറ്റുവാൻ ബൈപ്പാസിന്റെ നിർമ്മാണത്തോടെ കഴിയുന്നതായും ഇനിയും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചിലത്തി ഇതുപോലുള്ള വലിയ പദ്ധതികൾ കൊണ്ടുവരുവാൻ ശ്രമിക്കും. ആറ്റിങ്ങൽ ബൈപ്പാസുമായി ബന്ധപ്പെട്ട് ഭൂമി നൽകിയവർക്കുള്ള നഷ്ടപരിഹാരത്തുക എല്ലാപേർക്കും വാങ്ങിക്കൊടുക്കുവാൻ കഴിഞ്ഞതായും വിട്ടു നൽകിയ വസ്തുവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത ചില ഒറ്റപ്പെട്ട വസ്തു ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകുവാൻ കഴിയാത്തതെന്നും ആയതിന്റെ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം നൽകുവാൻ കഴിയും. നേരത്തെ മൂന്ന് പ്രാവശ്യം സ്ഥലം ഏറ്റെടുക്കുന്നത് 3 എ നോട്ടിഫിക്കേഷൻ ചെയ്തിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ 3 ഡി നോട്ടിഫിക്കേഷൻ വരാത്തത് കൊണ്ടാണ് പദ്ധതി വൈകിയത്. കോവിഡു ഉൾപെടെ അവിചാരിതമായി ഉണ്ടായ സംഭവങ്ങൾ സമയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ചിലവിൻ്റെ 25 ശതമാനം സംസ്ഥാനം സര്ക്കാർ ആണ് വഹിക്കുന്നത്. അതിനാൽ ഈ പദ്ധതിയിൽ സംസ്ഥാന സർക്കാരിൽ നിന്നും പൂർണ്ണ സഹകരണം ഉണ്ടായിട്ടുണ്ട്. ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ടി.പി. അമ്പിരാജയും പങ്കെടുത്തു.

