കടയ്ക്കാവൂർ ഉപ-തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ വ്യാപകമായ് ലഘുലേഖകൾ പ്രചരിയ്ക്കുന്നു.
ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നിലയ്ക്കാമുക്ക് മേഖലകേന്ദ്രീകരിച്ചാണ് കോൺഗ്രസ്സ് പാർട്ടിയുടെ പ്രമുഖ നേതാവും പ്രതിപക്ഷ നേതാവുമായ വിഡി സതീശന്റെയും കോൺഗ്രസ്സ് നേതാവും ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എംപി അടൂർ പ്രകാശിന്റെയും പേരിൽ വ്യാപകമായി ലഘുലേഖകൾ പ്രചരിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ അനർഹർക്ക് ആനുകൂല്യം വാങ്ങി നൽകുവാൻ ശുപാർശക്കത്തെഴുതിയവരിൽ വിഡി സതീശനും, അടൂർ പ്രകാശിനും പങ്കുണ്ടെന്നു സൂചിപ്പിക്കുന്ന തരത്തിൽ ഫോട്ടോ സഹിതം ഉൾപ്പെടുത്തിയ ലഘുലേഖകളാണ് പ്രചരിച്ചിട്ടുള്ളത്. എന്നാൽ ഫോട്ടോസ്റ്റാറ്റ് കോപ്പി രൂപത്തിലുള്ള ലഘുലേഖകളുടെ ഉറവിടം എവിടെനിന്നാണെന്നത് ഈ കോപ്പികളിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ന് സന്ധ്യയോടെ പ്രദേശത്തെ വീടുകൾക്ക് മുന്നിൽ ഇവ പ്രത്യക്ഷപ്പെട്ടതായാണ് പറയപ്പെടുന്നത്. ഇത് വിതരണം ചെയ്തവരെപ്പറ്റിയുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. നാളെ വോട്ടെടുപ്പ് നടക്കാനിരിയ്ക്കെ വോട്ടർമാരിൽ ആശയ്ക്കുഴപ്പം സൃഷ്ടിച്ചുള്ള അട്ടിമറി ശ്രമങ്ങളുടെ ഭാഗമായാണോ ഇത്തരം ലഘുലേഖ വിതരണമെന്നത് വ്യക്തമല്ല.

