ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ജില്ലയിൽ കടൽ പട്രോളിംഗും സുരക്ഷാനടപടികളും ശക്തമാക്കി ഫിഷറീസ് വകുപ്പ്. മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ,വിഴിഞ്ഞം എന്നിവിടങ്ങളിൽ 24 മണിക്കൂറും പരിശോധനയുണ്ട്.
നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ, അശാസ്ത്രീയമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ എന്നിവ കണ്ടെത്തുന്നതിനും മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതുൾപ്പെടെ തടയുന്നതിനുമാണിത്. നിയമലംഘനം കണ്ടെത്തിയാൽ കെ.എം.എഫ്.ആർ ആക്ട് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി.ടി. ജയന്തി അറിയിച്ചു.
ജില്ലയിൽ മൺസൂൺകാല കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി നിലവിൽ രണ്ട് ജീവൻ രക്ഷാബോട്ടുകളും ഒരു ഫൈബർ വള്ളവും വകുപ്പിനുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച 21 റെസ്ക്യൂ ഗാർഡുമാരെ വിന്യസിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും ഫിഷറീസ് ഡയറക്ടറേറ്റിലെ മാസ്റ്റർ കൺട്രോൾ റൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റീജിയണൽ കൺട്രോൾ റൂം സംവിധാനവും വിഴിഞ്ഞത്ത് സജ്ജമാക്കിയിട്ടുണ്ട്.
അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനും പ്രാഥമിക ചികിത്സ നൽകുന്നതിനുമായി ജീവൻരക്ഷാ സംവിധാനങ്ങളടങ്ങിയ ‘പ്രതീക്ഷ’ മറൈൻ ആംബുലൻസും പ്രവർത്തനസജ്ജമാണ്. ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി മുതലപ്പൊഴി, വിഴിഞ്ഞം എന്നിവ കേന്ദ്രീകരിച്ച് അതത് പ്രദേശത്തെ ജനപ്രതിനിധികളെയും പൊലീസ്, ആരോഗ്യം, വാട്ടർ അതോറിട്ടി, നഗരസഭ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രാദേശിക സമിതികളും രൂപീകരിച്ചിട്ടുണ്ട്. പുതിയ കൺട്രോൾ റൂം നമ്പർ 0471- 2480335.

