മുന്‍ കെപിസിസി സെക്രട്ടറിയും ചിറയിൻകീഴിലെ പ്രമുഖ നേതാവുമായ എം എ ലത്തീഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ മുതലപ്പൊഴി സന്ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തകരെ വിലക്കിയതിന് നേരത്തെ ലത്തീഫിനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കെപിസിസി അധ്യക്ഷന്‍ പരാതി നല്കിയ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയെ കഴിഞ്ഞയാഴ്ച ലത്തീഫ് മര്‍ദ്ദിച്ചത് വിവാദമായിരുന്നു.
ഇതോടെയാണ് എം എ ലത്തീഫിനെ പുറത്താക്കുവാൻ കെപിസിസി നടപടി സ്വീകരിച്ചത്.
നേരത്തെ ലത്തീഫിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വനിതകളടക്കം നൂറുകണക്കിന് പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ചിറയിന്‍കീഴ് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയതക്ക് നേതൃത്വം കൊടുത്തത് ലത്തീഫാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
കെപിസിസി ഭാരവാഹി പട്ടികക്കെതിരെ കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ ആഹ്വാനം നടത്തി, കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി യോഗങ്ങള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ അച്ചടക്കലംഘനങ്ങളും കണ്ടെത്തിയതായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

