ചിറയിൻകീഴ് സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രതിമാസ സത്സംഗത്തിന്റെ ഭാഗമായുള്ള ഗുരു വിശ്വാസി സംഗമം നടന്നു. ശിവഗിരി മഠം സ്വാമി സുരേശ്വരാനന്ദ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. ഏതൊരു വിശ്വാസിക്കും അപ്പോഴും പ്രാർഥിക്കാൻ തരത്തിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം സംസ്ഥാനത്തിന്റെ പ്രാർഥനാഗീതമായി പ്രഖ്യാപിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളാൻ വൈകരുതെന്നു സ്വാമി സുരേശ്വരാനന്ദ അഭിപ്രായപ്പെട്ടു. മതാതീത സങ്കൽപ്പങ്ങളുടെ മൂർത്തിമത് ഭാവമാണു ദൈവദശകത്തിലൂടെ ഗുരുദേവൻ വഴി കാട്ടുന്നതെന്നും സ്വാമി കൂട്ടിച്ചേർത്തു.ആശ്രമം വനിത ഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അധ്യക്ഷയായി. എസ്. എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ആർ,എസ്.ഗാന്ധി കടയ്ക്കാവൂർ മുഖ്യ പ്രസംഗം നടത്തി.ഗുരു സന്ദേശ പ്രഭാഷകൻ ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണവും ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഐഷ ഗാന്ധി, എസ്.എൻ.ട്രസ്റ്റ് ബോർഡംഗങ്ങളായ ബൈജു തോന്നയ്ക്കൽ, പി.എസ്.ചന്ദ്രസേനൻ, ആശ്രമം ഭക്തജനസമിതി സെക്രട്ടറി വിജയ അനിൽകുമാർ, ശാർക്കര ഗുരുക്ഷേത്ര ഭക്തജന സമിതി സെക്രട്ടറി ബീന ഉദയകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലതിക പ്രകാശ്, സെക്രട്ടറി ഷീല സോമൻ, ജോയിന്റ് സെക്രട്ടറി ശ്രീജ അജയൻ, ട്രഷറർ ഉദയകുമാരി വക്കം എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആശ്രമം അംഗങ്ങൾക്കുള്ള ശിവഗിരി മാസിക സ്വാമി സുരേശ്വരാനന്ദയും പഠന സ്കോളർഷിപ്പ് ആർ.എസ്. ഗാന്ധി കടയ്ക്കാവൂരും വിതരണം ചെയ്തു. മഹാഗുരുപൂജ, പുഷ്പാഭിഷേകം, സഹസ്രനാമാർച്ചന, സമൂഹസദ്യ എന്നിവയോടെ സമാപിച്ചു.