Wednesday, August 28, 2024
HomeCHIRAYINKEEZHUനിത്യഹരിത നായകൻ പ്രേം നസീറിന്റെ വേർപാടിന് 35 വയസ്സ്.

നിത്യഹരിത നായകൻ പ്രേം നസീറിന്റെ വേർപാടിന് 35 വയസ്സ്.

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് 35 ആണ്ട്. ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനായിരുന്നു അബ്ദുള്‍ ഖാദറിന്റെ ജനനം. ബിസിനസ്സുകാരനും, കലാപ്രേമിയുമായിരുന്നു പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് അസ്മാബിയെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമാ പ്രവേശനം. കോളേജിൽ പഠിക്കുമ്പോൾ പങ്കെടുത്ത അഭിനയമത്സരത്തിന്റെ വിധികര്‍ത്താവാണ് അദ്ദേഹത്തിന് ആദ്യമായി സിനിമയില്‍ അവസരമൊരുക്കുന്നത്.

മത്സരവേദിയില്‍ കോപം, ദുഃഖം, ഹാസ്യം എന്നീ രസങ്ങള്‍ ഞൊടിയിടയ്ക്കുള്ളില്‍ അഭിനയിച്ചു ഫലിപ്പിച്ച നസീറിനെ തേടിയെത്തിയത് 1951ല്‍ ചിത്രീകരണമാരംഭിച്ച ത്യാഗസീമ എന്ന ചിത്രമായിരുന്നു. എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രണ്ടാമതായി അഭിനയിച്ച ‘മരുമകള്‍’ എന്ന സിനിമയും വിജയം കണ്ടില്ല. 1952ല്‍ പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രം അദ്ദേഹത്തെ താരപ്പകിട്ടിലേയ്ക്കുയര്‍ത്തി. അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവും പ്രേംനസീറിനെ വളരെ പെട്ടന്നുതന്നെ ജനപ്രിയതാരമാക്കി മാറ്റി. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയ്ക്ക് പ്രേം നസീർ സമ്മാനിച്ച യുവത്വത്തിന്റെ പ്രസരിപ്പ് വർണനകൾക്കും അതീതമാണ്.

മരുമകള്‍’ മുതല്‍ ‘ധ്വനി’ വരെ 781 സിനിമകളിലാണ് പ്രേം നസീർ അഭിനയിച്ചത്. 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ് അദ്ദേഹം. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറും പ്രേം നസീര്‍ ആയിരുന്നു.

ഒടുവിൽ, അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവേ, 1989 ജനുവരി 16ന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തിരുവന്തപുരത്തെ വി.ജെ.ടി ഹാളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുദര്‍ശനത്തിന് ശേഷം നസീറിനെ തന്റെ ജന്മനാടായ ചിറയിന്‍കീഴിലെ കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കുമ്പോൾ 62 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. 1983 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES