മലയാളകവിതയുടെ കാല്പനികവസന്തത്തിന് തുടക്കംകുറിച്ച കുമാരനാശാൻ കാളിയമ്മ-നാരായണൻ ദമ്പതിമാരുടെ മകനായി ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിൽ, 1873 ഏപ്രിൽ 12-ന് ജനിച്ചു. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽനിന്നായിരുന്നു വിദ്യാഭ്യാസമാരംഭിച്ചത്. തുണ്ടത്തിൽ പെരുമാളാശാനായിരുന്നു കുമാരന്റെ പ്രഥമഗുരു. സംസ്കൃതപണ്ഡിതനായ മണമ്പൂർ ഗോവിന്ദനാശാന്റെ ‘വിജ്ഞാനസന്ദായിനി’ എന്ന പാഠശാലയിലായിരുന്നു തുടർപഠനം. പാട്ടുകളും ശ്ലോകങ്ങളുമെഴുതുന്ന കാര്യത്തിൽ കുമാരു അക്കാലത്തുതന്നെ പ്രതിഭ തെളിയിച്ചു.
1891-ൽ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചതാണ് ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ആധ്യാത്മികതയിലേക്കും സാമുദായികസേവനത്തിലേക്കും അദ്ദേഹം വഴിമാറി. സംസ്കൃതം, ഇംഗ്ലീഷ് പഠനമുൾപ്പെടെ പലതും ആ കണ്ടുമുട്ടലിലൂടെ സാധിച്ചു. ഡോ. പൽപ്പുവിന്റെ കൂടെ ബെംഗളൂരുവിലും കൽക്കത്തയിലും താമസിച്ച് പഠിച്ചു. ശ്രീകൃഷ്ണനും അർജുനനും തമ്മിലുള്ള ബന്ധത്തോടാണ് ആശാനും ഗുരുവും തമ്മിലുള്ള ബന്ധത്തെ ഉള്ളൂർ ഉപമിക്കുന്നത്.
1898-1900 കാലത്തെ ബംഗാൾ വാസമാണ് ആശാന്റെ കാവ്യങ്ങളിലെ പ്രബുദ്ധതയ്ക്കാധാരം. ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടവും രബീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികളും ആശാനിലെ കവിയെ വളർത്തി. ശ്രീനാരായണഗുരുവിന്റെ ആജ്ഞാനുസരണം കൊൽക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. ഇക്കാലത്ത് അദ്ദേഹം മൃത്യുഞ്ജയം, വിചിത്രവിജയം തുടങ്ങിയ നാടകങ്ങളും ശിവസ്തോത്രമാല തുടങ്ങിയ കവിതകളും രചിച്ചു. 1903-ൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി. 1909 മുതൽ പതിമ്മൂന്നുവർഷത്തിലേറെ വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1913-ൽ ശ്രീമൂലം പ്രജാ സഭാംഗം. 1918-ൽ കെ. ഭാനുമതിയമ്മയെ വിവാഹംചെയ്തു.
1924 ജനുവരി 16നായിരുന്നു മഹാകവിയെ മലയാളസാഹിത്യത്തിന് നഷ്ടമായ പല്ലനയാറിലെ റെഡീമർ ബോട്ട് ദുരന്തം നടന്നത്. ആലുവയിലേക്കു പോകാനായി കൊല്ലത്തെത്തിയ കുമാരനാശാൻ തുടർയാത്രയ്ക്കാണ് ജനുവരി 16 ന് രാത്രി 10 ന് പുറപ്പെട്ട റെഡീമർ ബോട്ടിൽ കയറിയത്.
95 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു മുറജപം കഴിഞ്ഞു മടങ്ങിയവരും കോട്ടയത്തു വിവാഹത്തിൽ പങ്കെടുക്കാൻ പോയ ചിലരും ഉൾപ്പെടെ 136 പേരാണ് കയറിയത്. പിന്നെയും വഴിയിൽ നിന്ന് യാത്രക്കാർ കയറി. ചിലർ ഇറങ്ങുകയും ചെയ്തു.
ബോട്ടിന്റെ രണ്ടാം നിലയിലായിരുന്നു കുമാരനാശാൻ. രാത്രി സഹൃദയരായ ചിലർക്കൊപ്പം തന്റെ കൈവശമുണ്ടായിരുന്ന ‘കരുണ’ കാവ്യത്തെപ്പറ്റി ചർച്ച നടത്തിയിട്ട് മഹാകവി ഉറങ്ങാൻ കിടന്ന ശേഷമാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചു മണിയോടെയാണ് പല്ലനയിൽ കൊടുംവളവിൽ തിരിക്കുന്നതിനിടയിൽ ബോട്ട് നിയന്ത്രണം വിട്ടു മറിഞ്ഞത്. 24 പേരാണ് ആ അപകടത്തിൽ മരിച്ചത്. ഒരു ദിവസത്തിനു ശേഷമാണ് ആശാന്റെ മൃതദേഹം കണ്ടെത്താനായത്.

