ചാള്‍സ് രാജാവായി മാറുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജ പത്നിയാകും.
കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് പദവി ലഭിക്കുമെന്ന് എലിസബത്ത് രാജ്ഞി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഇന്ത്യയില്‍ കണ്ടെത്തിയ പ്രശസ്തമായ കോഹിനൂര്‍ രത്നം ആരുടെ കൈകളില്‍ എത്തിച്ചേരുമെന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തു വന്നു.
എലിസബത്ത് രാജ്ഞിയുടെ കോഹിനൂര്‍ പതിച്ച കിരീടം കാമിലയ്ക്ക് തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നാണ് അമൂല്യ വജ്രം കണ്ടെത്തിയത്. പിന്നീട് പല കൈകളിലൂടെ കടന്ന് 1849ലെ ബ്രിട്ടന്റെ പഞ്ചാബ് അധിനിവേശത്തിന് ശേഷം വിക്ടോറിയ രാജ്ഞിയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. അന്നു മുതല്‍ ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ കൈവശമാണ് ഈ അമൂല്യ വജ്രം.
ക്വീന്‍ മദര്‍ എന്നറിയപ്പെടുന്ന എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനത്തില്‍ നിര്‍മിച്ച കിരീടത്തിലാണ് കോഹിനൂര്‍ രത്നം പതിച്ചത്. ലണ്ടന്‍ ടവറില്‍ ഈ കിരീടം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും രാജാവുമായിരുന്ന ജോര്‍ജ് ആറാമന്റെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ചാണ് കിരീടം അന്ന് നിര്‍മിച്ചത്.


