ചരിത്രപ്രധാനമായ അഞ്ചുതെങ്ങും പ്രാന്ത പ്രദേശങ്ങളും ആസ്പതമാക്കി ചിത്രീകരിച്ച ചിത്രമാണ് ഒരു തെക്കൻ തല്ല്കേസ് “
നാട്ടിലെ പ്രധാന ചട്ടമ്പി, പക്ഷെ ആളുടെ പേരിൽ ഒരു കേസ് പോലുമില്ല. അതാണ് അമ്മിണിപ്പിള്ള. ഇവിടെ നിയമവും പോലീസും കോടതിയും ഇല്ലേ എന്ന് ചോദിച്ചാൽ, കാക്കിക്കാരെ എവിടെയെല്ലാമോ കാണാം.
അത്രതന്നെ. എന്നാൽ ചെറിയ ഇടപെടൽ പോലും അവരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കേണ്ട.
തിരുവനന്തപുരത്തെ ചിറയീൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഭാഗങ്ങൾ കാലങ്ങൾക്കിപ്പുറവും അതിന്റെ തനിമ ചോരാതെ തന്നെയുണ്ട് എന്ന് പ്രേക്ഷകരെ ഓർമ്മപ്പെടുത്താൻ, അഞ്ചുതെങ്ങിലെ ജനങ്ങളുടെ ജീവിതവുമായി ചേർന്നുകിടക്കുന്ന ഒരു തല്ല് കഥയാണ് ബിജു മേനോൻ നായകനായ ‘ഒരു തെക്കൻ തല്ല് കേസ്’.
നെയ്യപ്പം ചുട്ട് പെണ്ണിനെ വളച്ച പ്രഭക്കുട്ടന് സുശീലയുമായുള്ള നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ തെക്കൻ തല്ല്കേസിലെ പ്രൊമോഷൻ ഗാനം ഇതിനോടകം ഹിറ്റ്ആയിരുന്നു.
തിരുവനന്തപുരം കഴിഞ്ഞിട്ടുമില്ല, കൊല്ലം എത്തിയിട്ടുമില്ല എന്ന നിലയിലെ പ്രദേശമാണ് ഇവിടം. ഇവിടുത്തെ ജനങ്ങൾ നാടുമായി ഇഴുകിച്ചേർന്ന് പ്രത്യേക തരം ജീവിതശൈലിയും ബന്ധങ്ങളും സൂക്ഷിച്ചു പോരുന്നു. ‘ശിവനും പാർവതിയും’ എന്നപോലെയാണ് അമ്മിണിയും ഭാര്യ രുഗ്മിണിയും (പത്മപ്രിയ). പേരിനു ഒരിടത്തല്ലാതെ, ഇവർക്കിടയിൽ സൗന്ദര്യപിണക്കമോ സംശയമോ ഏതുമില്ല.
അഞ്ചുതെങ്ങിലെ അതിമനോഹരമായ ലൈറ്റ് ഹൗസിന്റെ സൂക്ഷിപ്പുകാരൻ കൂടിയാണ് നാട്ടുകാരുടെ ‘അമ്മിണി അണ്ണൻ’. രുഗ്മിണിയുടെ കൂട്ടുകാരി വാസന്തിയും (നിമിഷ സജയൻ) നാട്ടിലെ മറ്റൊരു പോക്കിരിയായ പൊടിയനും (റോഷൻ മാത്യു) തമ്മിലെ പ്രണയം ഇതിനിടയിൽ പുരോഗമിക്കുന്നു.
ഈ പ്രണയം പൊടിയനും അമ്മിണിപ്പിള്ളയും തമ്മിൽ വൈരാഗ്യം സൃഷ്ടിക്കുന്നു. ഒരു രാത്രി അമ്മിണിപ്പിള്ളയ്ക്ക് വെട്ടേൽക്കുന്നതോടെ സിനിമയുടെ ഗതി മാറിമാറിയാൻ തുടങ്ങും.
അടി തുടരും’ എന്ന കുറിപ്പോടെ ഇടവേള കടന്നുവരുമ്പോൾ, പ്രതീക്ഷ അൽപ്പം ഉയർന്നേക്കും. നായകനും വില്ലനും തമ്മിലെ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നവർക്ക് പക്ഷെ ഇവർ തമ്മിലെ നേർക്കുനേർ പോരാട്ടം പരിമിതമാണ്. ഈ സമയത്തും കൃത്യമായ ടൈമിംഗോടെ പ്രവർത്തിക്കുന്ന സഹ താരങ്ങൾ മുതൽക്കൂട്ടായി മാറുന്ന കാഴ്ച കാണാം.
സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ, അടുത്തിടെ കണ്ടുവന്ന പാറ്റേണുകളിൽ നിന്നും വ്യതിചലിച്ച്, തിരക്കഥയ്ക്ക് വളരെയേറെ ആവശ്യമുള്ളവരായി നിലകൊള്ളുന്നു. നല്ലൊരു വേഷത്തിലൂടെയായി മലയാളത്തിലേക്കുള്ള പത്മപ്രിയയുടെ രണ്ടാം വരവ്. നായകനോളം പ്രാധാന്യമുള്ള ഭാര്യാ വേഷം പത്മപ്രിയ കയ്യടക്കത്തോടെ അവതരിപ്പിച്ചു. തനിനാടൻ മാനറിസങ്ങൾ അത്രകണ്ട് വഴങ്ങിയില്ലെങ്കിലും, രുഗ്മിണിയിൽ ഏച്ചുകെട്ടലില്ല.
പൈങ്കിളി നോവലിന്റെ ലോകത്ത് ജീവിക്കുന്ന എട്ടും പൊട്ടും തിരിയാത്ത കാമുകിയെ നിമിഷ സ്വാഭാവികതയോടു കൂടി കൈകാര്യം ചെയ്തു. രുഗ്മിണി, വാസന്തി കഥാപാത്രങ്ങളുടെ കെമിസ്ട്രി സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്.
ഭാഷാപ്രയോഗങ്ങളിൽ ഹോംവർക്ക് നടന്നു എന്ന് ഡയലോഗുകളിൽ വ്യക്തം. ‘തിരോന്തരം’ അതിഭാവുകത്വത്തിന്റെ ആവർത്തനമല്ല, ‘തല്ല് കേസ്’ കഥാപാത്രങ്ങളുടെ ഭാഷ.
തെക്കൻ കേരളത്തിലെ ഗ്രാമപ്രദേശത്ത് 80കളിൽ സംഭവിക്കുന്ന കശപിശയും, വാശിയും, പ്രണയവും, കൂട്ടുകെട്ടുകളുടെയും കഥയാണ് നവാഗതനായ എൻ. ശ്രീജിത്ത് സംവിധാനം ചെയ്ത ‘തല്ല് കേസ്”

