ചരിത്രപ്രസിദ്ധ ശാർക്കര പൊങ്കാല ഇന്ന്.
കോവിഡിനെത്തുടർന്ന് മൂന്ന് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഭക്തജനങ്ങൾക്ക് ശാർക്കര പറമ്പിൽ ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ അവസരം ലഭിക്കുന്നത്. ക്ഷേത്രമുറ്റത്ത് പ്രത്യേക പൂജകൾക്കുശേഷം ഒരുക്കുന്ന പണ്ടാര അടുപ്പിൽ മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി രാവിലെ 9.45ന് തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്.
11.45നും 12.30നും മദ്ധ്യേ ഇരുപത്തഞ്ചോളം ശാന്തിക്കാർ പൊങ്കാല നിവേദ്യം നടത്തും. വിശാലമായ പറമ്പിൽ അമ്പതിനായിരത്തിൽപ്പരം പൊങ്കാല അടുപ്പുകൾ ഇന്നലെത്തന്നെ ക്ഷേത്ര ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ ക്രമീകരിച്ചിരുന്നു. അന്യദേശങ്ങളിൽ നിന്ന് ശാർക്കരയിലെ ബന്ധുവീടുകളിലെത്തി പൊങ്കാല സമർപ്പണത്തിനെത്തുന്നവരും നിരവധിയാണ്. ഇന്നലെ വൈകിട്ടോടെ തന്നെ പൊങ്കാല ഭക്തരെയും ഭക്തജനങ്ങളെയും കൊണ്ട് ശാർക്കര തിരക്കിലമർന്നു. പൊങ്കാലയ്ക്കാവശ്യമായ ശുദ്ധജലവിതരണത്തിനായി ക്ഷേത്ര കോമ്പൗണ്ടിന് ചുറ്റും നൂറോളം ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.
പൊങ്കാലയിടാനെത്തുന്ന ഭക്തജനങ്ങൾക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശാർക്കരയിലും പരിസരപ്രദേശങ്ങളിലും ഭക്ഷണം, ദാഹജലം എന്നിവ സൗജന്യമായി നൽകും. കെ.എസ്.ആർ.ടി.സി അഡീഷണൽ ട്രിപ്പുകൾ നടത്തുന്നതിന് പുറമേ ടെമ്പോ,ആട്ടോ തുടങ്ങിയവ പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്ക് ക്ഷേത്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യ സർവീസ് നടത്തും. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് വനിതാപൊലീസുകാരുൾപ്പെടെ പൊലീസ് സേനയെ ശാർക്കരയിൽ വിന്യസിച്ചിട്ടുണ്ട്.

