Friday, August 30, 2024
HomeVARKALAഅഞ്ചുപേരുടെ ജീവനെടുത്ത വർക്കല തീപിടിത്ത ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്.

അഞ്ചുപേരുടെ ജീവനെടുത്ത വർക്കല തീപിടിത്ത ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്.

വർക്കലയിലെ ഇരുനിലവീടിന് തീപിടിച്ച് ഉറക്കത്തിലായിരുന്ന കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ ദുരന്തം നടന്നിട്ട് ഇന്ന് ഒരു വർഷം.

പഴം പച്ചക്കറി മൊത്തവ്യാപാരിയും വർക്കല പുത്തൻചന്ത ആർപിഎൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് ഉടമയുമായ വർക്കല അയന്തി പന്തുവിള രാഹുൽ നിവാസിൽ ബേബിയെന്ന് വിളിക്കുന്ന ആർ പ്രതാപൻ (62), ഭാര്യ ഷെർളി (52), മരുമകൾ അഭിരാമി (24), ഇളയമകൻ അഖിൽ (29) അഭിരാമിയുടെ മകൻ എട്ടുമാസം പ്രായമുള്ള റയാൻ എന്നിവരാണ് മരിച്ചത്.

പ്രതാപന്റെ രണ്ടാമത്തെ മകനും അഭിരാമിയുടെ ഭർത്താവുമായ നിഹുലിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ദീർഘനാളത്തെ ആശുപത്രിവാസത്തിനും ചികിത്സയ്ക്കും ശേഷം നിഹുൽ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്നു.
സംഭവം നടക്കുമ്പോൾ മൂത്തമകൻ രാഹുലും കുടുംബവും വിദേശത്തായിരുന്നു.2022 മാർച്ച് 8ന് രാത്രി 1.45 ഓടെയാണ് തീപിടിത്തമുണ്ടായത്. അർദ്ധരാത്രി കഴിഞ്ഞ് ടോയ്‌ലെറ്റിൽ പോകാൻ വീട്ടിന് പുറത്തിറങ്ങിയ അയൽക്കാരൻ ശശാങ്കനാണ് പ്രതാപന്റെ വീടിന്റെ കാർപോർച്ചിൽ കിടന്ന വാഹനങ്ങൾ കത്തിയമരുന്നതും തീയും പുകയും വ്യാപിക്കുന്നതും ആദ്യം കണ്ടത്.

ശശാങ്കന്റെ നിലവിളികേട്ടാണ് സമീപവാസികൾ ഓടിയെത്തി ഫയർഫോഴ്സിനെ വിവരമറിയിച്ചത്. ഫയർഫോഴ്സെത്തിയെങ്കിലും നിഹുലിനെ മാത്രമേ ജീവനോടെ രക്ഷിക്കാനായുള്ളൂ. ഷോർട് സർക്യൂട്ട്മൂലമാണ് തീപിടിത്തമെന്നായിരുന്നു പൊലീസിന്റെയും ഫയർഫോഴ്സിന്റെയും പ്രാഥമികനിഗമനം. എന്നാൽ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനകൾ ഈ നിഗമനം പാടെ തളളിക്കളയുന്നതായിരുന്നു. ഇതോടെയാണ് സംഭവത്തിനു പിന്നിൽ ദുരൂഹതയുള്ളതായി സംശയമുയർന്നത്. ഇതിനെതുടർന്ന് കഴിഞ്ഞ ഡിസംബർ ആദ്യം പ്രതാപന്റെ മക്കളായ രാഹുലും നിഹുലും അഭിരാമിയുടെ അച്ഛൻ സെയിൻനടേശനും ചേർന്ന് സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്റിക്ക് പരാതി നൽകി.

അതോടെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്.പി സുനിൽകുമാർ നേരിട്ടാണ് അന്വേഷണം നടത്തുന്നത്. നിരവധി പേരെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. എന്നാൽ തീപിടിത്തത്തിന്റെ കാരണങ്ങളിലേക്ക് നീളുന്ന തെളിവുകളൊന്നും ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചനയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES