വർക്കലയിൽ നഗരസഭയുടെ കീഴിൽ പ്രവൃത്തിക്കുന്ന പുന്നമൂട് വെജിറ്റബിൾ ആൻഡ് ഫിഷ് മാർക്കറ്റിൽ വീണ്ടും പഴകിയ മത്സ്യങ്ങൾ പിടികൂടി.
നല്ല മത്സ്യങ്ങൾക്കൊപ്പം പഴകിയ മത്സ്യങ്ങളും ഇവിടെ വൻതോതിൽ വില്പനനടത്തുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.
ഇതേതുടർന്നാണ് വർക്കല നഗരസഭ ഹെൽത്ത് വിഭാഗത്തിനും ഫുഡ് ആൻഡ് സേഫ്ടി സർക്കിൾ ഓഫീസിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയത്.
മണൽ വിതറി വിൽപ്പനമണൽ വിതറി വിൽപ്പന നടത്തരുതെന്നുളള കർശന നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ടാണ് മാർക്കറ്റിൽ വിൽപ്പന നടക്കുന്നത് . മത്സ്യബന്ധനവിലക്ക് നിലനിൽക്കുമ്പോഴും പുന്നമൂട് മാർക്കറ്റിൽ മത്സ്യം സുലഭമായി എത്താറുണ്ട്. ചെറുകിട കച്ചവടക്കാർക്ക് ലഭിക്കുന്ന മത്സ്യങ്ങൾ വെള്ളത്തിലേക്കിട്ട് മണൽ വിതറി വില്പനയ്ക്ക് എത്തിക്കുമ്പോൾ ഫ്രഷ് മത്സ്യം ആണെന്നുള്ള ധാരണയിലാണ് വില്ക്കുന്നവരും വാങ്ങുന്നവരും. എന്നാൽ ഫ്രോസൺ മത്സ്യങ്ങൾ ഐസിട്ട് തന്നെ വില്പന നടത്തിയില്ലെങ്കിൽ വളരെ പെട്ടെന്ന് ചീഞ്ഞുപോകും. ഇതിൽ വീഴ്ച വരുന്നതോടെയാണ് വിപണിയിലെത്തുന്ന മത്സ്യങ്ങൾ കേടാകുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 35 കിലോയോളം പഴകിയ മത്സ്യമാണ് കണ്ടെടുത്തത്. ചൂര, കണ്ണൻ കൊഴിയാള എന്നീ മത്സ്യങ്ങളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചത്. മൊബൈൽ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
ഫുഡ് ആൻഡ് സേഫ്ടി സർക്കിൾ ഓഫീസർ ഡോ. പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മൈക്രോ ബയോളജിസ്റ്റ് നിള, മൊബൈൽ ലാബ് ടെക്‌നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ.എൻ തുടങ്ങിയവർ പങ്കെടുത്തു.

