ഗ്രാമ മേഖലയിലെ സാധാരണക്കാർക്ക് ആശ്വാസമായിരുന്ന പബ്ളിക്ക് ടാപ്പുകൾക്ക് പൂട്ടുവീഴുന്നു.
നിലവിൽ തീരദേശ മേഖലകളിൽ കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് തീരാവാസികൾ.
പബ്ളിക് ടാപ്പുകളുടെ വാട്ടർ ചാർജ്ജ് ഗ്രാമപഞ്ചായത്തുകളാണ് നൽകുന്നത്. ഇതിനായുള്ള തുക സർക്കാർ ഗ്രാന്റായി നൽകും. ഇനിമേൽ വാട്ടർ ചാർജ്ജിനും മെയിന്റനൻസിനുമായി സർക്കാർ ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന ഗ്രാന്റ് 2024 ഓടെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതികൾ.
കേരളത്തിൽ ആകെ 2 ലക്ഷത്തോളം പബ്ളിക് ടാപ്പുകൾ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ 941 ഗ്രാമ പഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളിലുമായി ശരാശരി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും 100 വീതം പബ്ളിക് ടാപ്പുകളുണ്ട്.
2021 മുതൽ പുതിയ പബ്ളിക് ടാപ്പുകൾ അനുവദിക്കാതിരുന്ന വാട്ടർ അതോറിട്ടി ദുർവിനിയോഗം ആരോപിച്ച് പല സ്ഥലങ്ങളിലും പബ്ളിക് ടാപ്പുകൾ പൂട്ടുന്നത് തുടരുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
ഗ്രാമ പഞ്ചായത്തുകളുടെ ഭരണസമിതി നൽകുന്ന തീരുമാനപ്രകാരമാണ് ഇപ്പോൾ മുഴുവൻ പബ്ളിക് ടാപ്പുകളും പൂട്ടുന്നതെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്.

