Tuesday, August 27, 2024
HomeKADAKKAVURവഴിയാധാരമായ് നിലയ്ക്കാമുക്ക് വഴിയിടം വിശ്രമകേന്ദ്രം.

വഴിയാധാരമായ് നിലയ്ക്കാമുക്ക് വഴിയിടം വിശ്രമകേന്ദ്രം.

വക്കം നിലയ്ക്കാമുക്കിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വഴിയിടം വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചതോടെ വഴിയാധാരമായി.

ടോയ്‌ലെറ്റ് ലഘുഭക്ഷണശാലയും കൂടിയാണ് ഇവിടെ പ്രവർത്തിച്ചു കൊണ്ടിരുന്നത്. പുതിയ കരാർ നൽകുന്നതിനായി പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഉന്നത നിലവാരത്തിൽ പൊതു ടോയ്‌ലെറ്രുകൾ ഒരുക്കുന്നതിനായി ശുചിത്വമിഷനും തദ്ദേശ ഭരണ വകുപ്പിന്റെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വഴിയിടം വിശ്രമകേന്ദ്രം.

വക്കം പഞ്ചായത്തിൽ നിലയ്ക്കാമുക്ക് ചന്തയോടു ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. മികച്ച സൗകര്യത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസം തുടക്കത്തിലേ കെട്ടിടത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കിയിരുന്നു.

ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും കരാറെടുക്കാൻ ആളില്ലാതെവരികയും ഒടുവിൽ ഹരിതകർമ്മസേനയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.വെള്ളത്തിന്റെ ലഭ്യതക്കുറവ് വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. പ്രദേശത്ത് ആഴ്ചയിൽ പല ദിവസങ്ങളിലും പൈപ്പ് വെള്ളം ലഭ്യമല്ല. ഇത് ടോയ്‌ലെറ്റിന്റെയും കച്ചവടത്തിന്റെയും പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. ദിവസങ്ങളോളം വെള്ളമില്ലാത്തതിന്റെ പേരിൽ വിശ്രമകേന്ദ്രം പ്രവർത്തിച്ചിട്ടില്ല. ഇതിന് പുറമേ നടത്തിപ്പുകാരായ ഹരിതകർമ്മസേനയിലെ പ്രവർത്തകർ പഞ്ചായത്തിലെ വിവിധ കമ്മിറ്റികൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും പോകുന്ന സാഹചര്യങ്ങളിൽ വിശ്രമകേന്ദ്രം പ്രവർത്തനം നടത്താറില്ലെന്നും നാട്ടുകാർ പറയുന്നു.നിലയ്ക്കാമുക്ക് ചന്തയിലെ ടോയ്‌ലെറ്റ് ഉദ്ഘാടനം നടത്തി പൂട്ടിയിട്ടതല്ലാതെ നാളിതുവരെയും തുറന്നു പ്രവർത്തിപ്പിച്ചിട്ടില്ല. രാവിലെ മുതൽ രാത്രി വരെ മത്സ്യക്കച്ചവടത്തിനെത്തുന്നവർ ഉൾപ്പെടെയുള്ള കച്ചവടക്കാർ ഇവിടെ സജീവമാണ്. അതുകൊണ്ടുതന്നെ ചന്തയുടെ സമീപത്തായി തുടങ്ങിയ വിശ്രമകേന്ദ്രം കച്ചവടക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു. പുതിയ കരാർ വ്യവസ്ഥയിൽ മാസംതോറും വലിയ തുക പഞ്ചായത്തിന് നൽകേണ്ടതായുണ്ട്. അതുകൊണ്ട് കരാറെടുക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ല. പദ്ധതി നടത്തിപ്പിലെ ദീർഘവീക്ഷണമില്ലായ്മയാണ് വഴിയിടം വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് വിലങ്ങു തടിയാകുന്നത്. ലഘു ഭക്ഷണശാലയ്ക്കും ടോയ്‌ലെറ്റിനുമായി രണ്ട് മുറികളാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഇവിടെ ഭക്ഷണം പാചകം ചെയ്ത് വില്പന നടത്താൻ അനുവദിച്ചിരുന്നില്ല. വീടുകളിൽ പാചകം ചെയ്ത ഭക്ഷണങ്ങൾ ഇവിടെ എത്തിച്ച് കച്ചവടം ചെയ്യുകയാണ് നിലവിലെ രീതി. ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള സ്ഥലമില്ലായ്മ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES