Thursday, September 26, 2024
HomeANCHUTHENGUമത്സ്യത്തൊഴിലാളികളുടെ അന്തകനായ് അഞ്ചുതെങ്ങ് "മുതലപ്പൊഴി"

മത്സ്യത്തൊഴിലാളികളുടെ അന്തകനായ് അഞ്ചുതെങ്ങ് “മുതലപ്പൊഴി”

2011ൽ നിർമ്മാണം തുടങ്ങിയ ഹാർബർ 2020ലാണ് കമ്മിഷൻ ചെയ്‌തത്‌. 480,​ 410 മീറ്ററുകൾ നീളമുള്ള രണ്ട്‌ പുലിമുട്ടുകളാണ് ഇവിടെയുള്ളത്. ഇവ തമ്മിലുള്ള അകലമാകട്ടെ അൻപത് മീറ്ററിൽ താഴെയും. കൂടാതെ, അവിശ്യമായ ആഴം നിലനിർത്തുവാൻ സാധിക്കാത്തതിനാൽ തിരയിൽപ്പെടുന്ന ബോട്ടുകൾ പുലിമുട്ടിൽ ഇടിച്ചുതകരുകയാണ്.

മുതലപ്പൊഴിയിൽ ഇതുവരെയായി ചെറുതും വലുതുമായ 150 ഓളം അപകടങ്ങൾ ഉണ്ടായെന്നാണ് കണക്കുകൾ ഈ അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 60 മുതൽ 70 വരെയാണ് ( കൃത്യമായ കണക്ക് വിവരങ്ങൾ സർക്കാരിന്റെ പക്കൽ പോലുമില്ല)

പ്രതികൂല കാലാവസ്ഥയിലും ഉപജീവനത്തിനായി ജീവൻ പണയം വച്ച് കടലിലേക്ക് വള്ളവുമായി ഇറങ്ങുന്നവരാണ് മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ. കുടുംബത്തെ പോറ്റാൻ മറ്റൊരു തൊഴിലും ഇവർക്കറിയില്ല. വല നിറയെ മത്സ്യം കിട്ടിയ സന്തോഷത്തിൽ തിരികെ എത്തുമ്പോഴും ഹാർബറിലെ പുലിമുട്ട് കടന്നുകിട്ടാൻ ഉള്ളുരുകി ഇവർ ദൈവത്തോട് പ്രാർത്ഥിക്കും. അഴിമുഖത്ത് പൊലിഞ്ഞ 60 മുതൽ 70 ഓളം സഹപ്രവർത്തകരുടെയും മുഖങ്ങൾ അവരുടെ മനസിൽ തെളിയും.

ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് വർഷങ്ങളായി ഇവർ ഉന്നയിക്കുന്ന ആവശ്യമാണ്. ഓരോ അപകടത്തിന് ശേഷവും വാഗ്ദ്ധാനങ്ങൾ നൽകി അധികാരികൾ മടങ്ങുന്നതല്ലാതെ യാതൊരു മാറ്റവും ഉണ്ടാകാറില്ല. ഏറ്റവും ഒടുവിൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപത സമരം ചെയ്തപ്പോഴും മന്ത്രിസഭാ ഉപസമിതിയോട് ആവശ്യം ഉന്നയിച്ചിരുന്നു. ഹാർബർ നിർമ്മാണത്തിൽ അശാസ്‌ത്രീയതയുണ്ടോയെന്ന്‌ പരിശോധിക്കാൻ പുനെയിലെ സെൻട്രൽ വാട്ടർ ആൻഡ്‌ പവർ റിസർച്ച്‌ സ്റ്റേഷനെ (സി.ഡബ്ലിയു.പി.ആർ.എസ്‌)ചുതലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

ബ്രേക്ക് വാട്ടർ നിർബന്ധംമുതലപ്പൊഴിയെ മരണപ്പൊഴിയാക്കാതിരിക്കാൻ ബ്രേക്ക് വാട്ടർ സംവിധാനം നിർബന്ധമാണെന്നാണ് ഹാർബർ എൻജിനിയറിംഗ് രംഗത്തെ പ്രമുഖർ പറയുന്നത്. വടക്കു നിന്നുമുള്ള ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ ഇതാണ് ശാസ്ത്രീയമായ പോംവഴി. നീണ്ടകര അടക്കമുള്ള പ്രധാന ഫിഷിംഗ് ഹാർബറുകളുടെയെല്ലാം നിർമ്മാണം ഇങ്ങനെയാണ്. എന്നാൽ കഠിനംകുളം കായലും അറബിക്കടലും അതിരുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ബോട്ടുകൾ കടലിലേയ്ക്കിറങ്ങുന്നത് തിരയെ കീറിമുറിച്ചാണ്. ഇതാണ് അപകടത്തിന് വഴി വയ്ക്കുന്നത്.

ഡ്രജിംഗ് കൃത്യമായി നടക്കാത്തതിനാൽ പലയിടങ്ങളിലും മണൽത്തിട്ടകൾ രൂപം കൊണ്ടു. 6 എങ്കിലും ആഴം വേണ്ട സ്ഥലത്ത് രണ്ടായി ആഴം കുറയുമ്പോൾ ചുഴികൾ രൂപപ്പെടുകയും ബോട്ടുകൾ മറിയുകയും ചെയ്യും. അഴിമുഖത്തിന്റെ വീതി 90ൽ നിന്ന് 50 ആയി ചുരുങ്ങി. കല്ലുകളും ടെട്രാപോഡുകളും ചെരിഞ്ഞു വീണതാണ് കാരണം. വള്ളങ്ങൾ പോകുന്ന ഭാഗത്തെ ആഴക്കുറവ് തിരിച്ചറിയാൻ ബോയകൾ സ്ഥാപിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. അഴിമുഖത്തെ പാറയും മണലും നീക്കി 5 മീറ്റർ ആഴം ഉറപ്പാക്കാനുള്ള നടപടി എങ്ങുമെത്തിയില്ല.

കാലവർഷത്തിൽ പൊഴിമുഖത്ത് അടിയുന്ന മണൽക്കൂനകളാണ് മുതലപ്പൊഴിയെ മരണപ്പൊഴികളാക്കുന്നത്. അപകടങ്ങൾ തുടർക്കഥയായതോടെ, അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ ആംബുലൻസ് അടക്കമുള്ള റെസ്ക്യൂ ഫോഴ്സിനെ നിയോഗിക്കണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല.

ഹാർബറിന്റെ നീളം വർദ്ധിപ്പിക്കണമെന്ന് ചെന്നൈ എൻ.ഐ.ഒ.ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജി) റിപ്പോർട്ട് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES