തിരക്കേറിയ റോഡിൽ ദുർഗന്ധം വമിച്ചതോടെയാണ് രാവിലെ 8.30 ഓടെ നാട്ടുകാരുടെ ശ്രദ്ധയിൽ മൃതദേഹം കാണുന്നത്. തുടർന്ന് വർക്കല പൊലീസിൽ അറിയിച്ചു. അഴുകിയ നിലയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സമീപത്തു നിന്നും ഒരു കുപ്പിയിൽ കടൽ വെള്ളവും ഭസ്മവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാപനാശത്ത് ബലിയിടാനെത്തിയ ആരെങ്കിലും ആയിരിക്കാം എന്നുള്ള നിഗമനമാണ് പൊലീസിനുള്ളത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഫോറൻസിക് , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. വർക്കല സ്റ്റേഷൻ പരിധിയിൽ മിസ്സിങ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപ സ്റ്റേഷനുകളിലെ മിസ്സിങ് കേസുകൾ കേന്ദ്രീകരിച്ച് വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.