മുതലപ്പൊഴിയിലെ അപകടങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (CWPRS) നിയോഗിച്ചതിനെ വിമര്‍ശിച്ച് വിഴിഞ്ഞം സംയുക്ത സമരസമിതി. കടലിനെ അറിയുന്ന പ്രാദേശിക വിദഗ്ദ്ധരില്ലാതെ നടത്തുന്ന പഠനം കൊണ്ട് കാര്യമില്ലെന്നാണ് സമര സമിതിയുടെ നിലപാട്. തുറമുഖ നിര്‍മാണത്തിനെതിരായ സമരം നൂറാം ദിവസത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാനാണ് ലത്തീന്‍ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപതയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിച്ചു.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ മറിഞ്ഞ് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി വേണമെന്നത് വിഴിഞ്ഞം സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. സമരക്കാരെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പ്രശ്നം പഠിക്കാന്‍ തുറമുഖ വകുപ്പ് പുനൈയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (CWPRS) ചുമതലപ്പെടുത്തിയത്.
കൂടാതെ, വിശദപഠനം നടത്തി എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കണം എന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ എടുക്കുന്നത് ഏകപക്ഷീയ നടപടിയാണെന്ന വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക സഭ രംഗത്തെത്തി. യഥാര്‍ഥ പ്രശ്നം മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനും പ്രാദേശികമായ കടലറിവുകള്‍ കൂടി പ്രയോജനപ്പെടുത്തണമെന്നാണ് സഭയുടെ നിലപാട്. നേരത്തെ വിഴിഞ്ഞത്തെ തീരശോഷണം പഠിക്കാന്‍ സമരസമിതിയുടെ പ്രതിനിധിയില്ലാതെ സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിച്ചതിനെയും ലത്തീന്‍ കത്തോലിക്ക സഭ എതിര്‍ത്തിരുന്നു.

