തിരുവനന്തപുരം ജില്ലയിലെ ഹരിതകർമസേനയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ കൈമാറി. ആദ്യലിസ്റ്റിൽ തന്നെയുൾപ്പെട്ട കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിനുൾപ്പെടെയാണ് വാഹനങ്ങൾ കൈമാറിയത്.
വീടുകളിൽനിന്നു ശേഖരിക്കുന്ന അജൈവമാലിന്യം കൃത്യമായി തരംതിരിക്കുന്നതിനായി എംസിഎഫു കളിലേക്ക് എത്തിക്കുന്നതിനാണ് ഈ വാഹനം പ്രധാനമായും ഉപയോഗിക്കുക.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ വർഷത്തോടെ ഇലക്ട്രിക് വാഹനങ്ങളെത്തിക്കുവാനാണ് തീരുമാനമെന്നാണ് സൂചന.
കടയ്ക്കാവൂർ, ഇലകമൺ, മാറനല്ലൂർ, ഒറ്റൂർ, നഗരൂർ, പനവൂർ, ചെങ്കൽ, മടവൂർ, കുറ്റിച്ചൽ, കരവാരം, മലയിൻകീഴ്, കാഞ്ഞിരംകുളം, പുല്ലംപാറ, നാവായിക്കുളം, പോത്തൻകോട്, വാമനപുരം ഗ്രാമപ്പഞ്ചായത്തുകൾക്കും വർക്കല നഗരസഭയ്ക്കുമാണ് വാഹനങ്ങൾ കൈമാറിയത്.
ആദ്യ ലിസ്റ്റിൽ ഇടംപിടിക്കാത്തതിനാൽ അഞ്ചുതെങ്ങ്, വക്കം, ചിറയിൻകീഴ്, വെട്ടൂർ ഗ്രാമ പഞ്ചായത്ത്കൾക്ക് ലഭിച്ചില്ല.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വായംഭരണ വകുപ്പ് മന്ത്രി എംബി രാജേഷാണ് വാഹനങ്ങൾ കൈമാറിയത്.
പിയാജിയോയുടെ ഇലക്ട്രിക് എഫ്എക്‌സ് മാക്‌സ് എന്ന വാഹനങ്ങളാണ് ഹരിതകര്‍മ സേനക്ക് കൈമാറിയത്. ഒറ്റച്ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിയും. 12 കുതിരശേഷിയുള്ള മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് 573 കിലോ ഭാരം വഹിക്കാനുമാകും. എട്ട് കിലോവാട്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂര്‍ സമയം വേണം. മൂന്ന് വര്‍ഷത്തേക്കുള്ള സര്‍വീസും കമ്പനി നല്‍കുമെന്നുമാണ് അധികൃതരുടെ അവകാശവാദം.

