▪️ജില്ലയിൽ ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, കല്ലിയൂർ, പഞ്ചായത്ത്കളിൽ പദ്ധതി 100% പൂർത്തീകരിച്ചതായ് റിപ്പോർട്ട്.
തീരവാസികളിൽ ആശ്ചര്യം പരത്തി ജില്ലയിൽ ജൽജീവൻ പദ്ധതി പൂർത്തിയാക്കിയ പഞ്ചായത്തുകളുടെ പട്ടികയിൽ അഞ്ചുതെങ്ങും ഇടംനേടി. കുടിവെള്ള ക്ഷാമത്താൽ നട്ടം തിരിയുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തും പദ്ധതി പൂർത്തീകരണ പട്ടികയിൽ ഇടം നേടിയതാണ് തീരദേശവാസികളിലാകെ ആശ്ചര്യത്തിന് കാരണമായിരിക്കുന്നത്.
ഗ്രാമങ്ങളിൽ 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരിച്ച പഞ്ചായത്ത്കളുടെ പട്ടികയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം 5 പഞ്ചായത്ത്കൾ പദ്ധതി പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.
റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലയിൽ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണെന്നാണ് പൊതുവായ വിലയിരുത്തൽ, പദ്ധതി അവസാനിക്കാൻ 11 മാസം ശേഷിക്കേ അഞ്ച് പഞ്ചായത്തുകളിൽ മാത്രമാണ് ഈ ലക്ഷ്യത്തിലെത്തിയതെന്നാണ് അധികൃതർ പറയുന്നത്.
ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, കല്ലിയൂർ, എന്നീ പഞ്ചായത്തുകളിലാണ് മുഴുവൻ വീടുകളിലും പൈപ്പ് കണക്ഷൻ നൽകി കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെട്ടതെന്നാണ് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ജില്ലയിൽ ശേഷിക്കുന്ന 68 പഞ്ചായത്തുകളിൽ പദ്ധതി നടത്തിപ്പിലെ അപാകത, ഭൂമിയേറ്റെടുക്കൽ, പമ്പിംഗ് സൗകര്യമില്ലായ്‌മ തുടങ്ങിയ വിവിധ കാരണങ്ങളാൽ പദ്ധതി നീളുകയാണ്. 20 പഞ്ചായത്തുകളിൽ 5,000 മുതൽ 10,000 വരെയും 38 പഞ്ചായത്തുകളിൽ 1,000 മുതൽ 5,000 വരെ വീടുകളിൽ പൈപ്പ് കണക്ഷൻ നൽകാനുണ്ട്.
കിഴുവിലം പഞ്ചായത്തിൽ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കാൻ 500 വീടുകളിൽ കൂടി കണക്ഷൻ നൽകിയാൽ മതിയാകും. അഴൂർ, ഇലകമൺ, കള്ളിക്കാട്, കാഞ്ഞിരംകുളം, തിരുപുറം, വെട്ടൂർ പഞ്ചായത്തുകളിൽ 1,000 വീടുകളിൽക്കൂടി കണക്ഷൻ നൽകുന്നതോടെ ലക്ഷ്യം പൂർത്തിയാകും. ജില്ലയിലെ ഗ്രാമീണ മേഖലയിലെ 6,61,107 വീടുകളിൽ 3,84,264 വീടുകളിൽ മാത്രമാണ് പൈപ്പ് കണക്ഷൻ നൽകാനായത്. 2,76, 843 വീടുകളിൽ ഇനിയും കണക്ഷൻ നൽകാനുണ്ട്.

