വർഷങ്ങളായ് ഫയലില്‍ കുരുങ്ങിപ്പോയ തീരസംരക്ഷണസേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം (കോസ്റ്റ്ഗാര്‍ഡ് എന്‍ക്ലേവ്) യാഥാര്‍ത്ഥ്യമാകുന്നു.
കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണത്തിനും തീരസംരക്ഷണ സേനയ്ക്ക് അനിവാര്യമാണ് വിമാനത്താവളത്തോട് ചേര്‍ന്ന സ്വതന്ത്ര വ്യോമകേന്ദ്രം. ഇതിനായ് 70 സെന്റ് സ്വകാര്യഭൂമി എന്‍ക്ലേവിനായി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി.
ഭൂമിയേറ്റെടുക്കലിന് മുന്നോടിയായ സാമൂഹ്യാഘാത പഠനത്തിന് പ്ലാനറ്റ് കേരള എന്ന ഏജന്‍സിക്കായി 48970രൂപ അനുവദിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. കോസ്റ്റ്ഗാര്‍ഡ് എയര്‍ എന്‍ക്ലേവിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് ഭൂമിയേറ്റെടുക്കുക.
തലസ്ഥാനത്ത് എയര്‍സ്ട്രിപ്പില്ലാത്തത് കടലിലെ രക്ഷാദൗത്യങ്ങള്‍ക്ക് തടസമാവുന്നതായി തീരസംരക്ഷണസേന അറിയിച്ചത് അനുസരിച്ചാണ് എന്‍ക്ലേവിന് 2019ല്‍ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. ഓഖി ചുഴലിക്കാറ്റില്‍ രക്ഷാദൗത്യം നടത്താന്‍ സേനയ്ക്ക് ഏറെ പ്രയാസമായിരുന്നു. കൊച്ചിയില്‍നിന്ന് അരമണിക്കൂറിലേറെ പറന്ന് വിമാനങ്ങളെത്തിച്ചാണ് അന്ന് കടലില്‍ കുടുങ്ങിപ്പോയവരെ രക്ഷിച്ചത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവുന്നതോടെ ജലഗതാഗതവും അപകടങ്ങളും വര്‍ദ്ധിക്കും. വി.എസ്‍.എസ്‍.സി, ബ്രഹ്മോസ് പോലെയുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളുള്ള പ്രദേശമായതിനാല്‍ അടിയന്തരഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ എയര്‍സ്ട്രിപ്പ് ആവശ്യമാണ്. കടലിലെ നിരീക്ഷണത്തിനും ഇവിടെ എയര്‍സ്ട്രിപ്പും അനുബന്ധ സൗകര്യങ്ങളും അത്യാവശ്യമാണെന്നും സേന പറയുന്നു.
വ്യോമകേന്ദ്രം സജ്ജമായാല്‍ ഒരു സമയം നാലു വിമാനങ്ങള്‍ക്ക് ഇവിടെ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാവും. വിമാനത്താവളം വഴി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതോടെ തീരസംരക്ഷണ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാവും. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി കൊച്ചിയില്‍ നിന്ന് വിമാനങ്ങള്‍ എത്തിക്കേണ്ട സ്ഥിതിയും ഒഴിവാകും. എന്‍ക്ലേവ് യാഥാര്‍ത്ഥ്യമായാല്‍ ഇവിടെ നിന്ന് മിനിറ്റുകള്‍ക്കകം രക്ഷാപ്രവര്‍ത്തനം നടത്താം. വിമാനത്താവളത്തിന്റെ ഭൂമിക്ക് പുറമെയാണ് പേട്ട വില്ലേജില്‍ 70സെന്റ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനുള്ള പണം തീരസംരക്ഷണ സേന നല്‍കും. കോസ്റ്റ് ഗാര്‍ഡ് എന്‍ക്ലേവിനായി 10.96കോടിയാണ് ചെലവ് കണക്കാക്കിയത്. മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുക.

