അഞ്ചുതെങ്ങ്, വെട്ടൂർ കടയ്ക്കാവൂർ, വക്കം പഞ്ചായത്ത് പ്രദേശങ്ങളിൽ ലഹരിവ്യാപനവും പൂവാല ശല്യവും രൂക്ഷമാകുന്നു.
പ്രദേശങ്ങൾ കേന്ദ്രമാക്കി ലഹരി വിൽപ്പനയും ഉപയോഗവും വൻതോതിൽ കൂടുന്നതിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അക്രമങ്ങളും പൂവാല ശല്യവും പതിവായിട്ടുണ്ട്.
അധികം ആൾ താമസ സഞ്ചാരമില്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നലവിൽ ഇത്തരം സാമൂഹ്യ വിരുദ്ധ ചെറു സംഘങ്ങൾ സജീവമാകുന്നത്.
കഞ്ചാവ്, മദ്യം, പുകയില ഉത്പന്നങ്ങൾ തുടങ്ങി മാരകമായ ലഹരി വസ്തുക്കളുടെ വരെ അടിമപ്പെട്ട നിരവധി സംഘങ്ങളാണ് ലഹരി വ്യാപനത്തിനു പിന്നിലുള്ളത്.
തന്മൂലം പൂവാലശല്യവും വർദ്ധിച്ചു വരുന്നുണ്ട്. സ്കൂൾ സമയങ്ങളിലും മറ്റും ബൈക്കുകളിൽ പായുന്ന പൂവാലന്മാർ കാരണം വിദ്യാർത്ഥിനികളും അധ്യാപികമാരും അനുഭവിക്കുന്ന ബുദ്ധിമുട്ട്കളും ഏറെയാണ്.
സ്കൂളുകൾ, ബസ്സ്റ്റോപ്പുകൾ, കടയ്ക്കാവൂർ റെയിൽവേസ്റ്റേഷൻ തുടങ്ങിയ പരിസരങ്ങളിലും യാത്രക്കാരെന്ന വ്യാജെന വിതരണക്കാരുണ്ടെന്നാണ് സൂചന. ഏജന്റ്മാരിൽ സ്ത്രീകളും ഉൾപ്പെടുന്നതായും പറയപ്പെടുന്നു.
സ്ത്രീകളായതിനാൽ പൊലീസോ എക്സൈസോ ബാഗ് പരിശോധിക്കില്ല എന്നത് ഇവർക്ക് അനുഗ്രഹമാണ്. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും സജീവമായതോടെ അടിപിടിഅടക്കമുള്ള അക്രമ സംഭവങ്ങളും ക്രമതീതമായി വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.
സ്കൂൾ പരിസങ്ങളിലും മറ്റും ആവശ്യമായ പരിശോധന ശക്തമാക്കി വേണ്ട അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ പ്രദേശങ്ങൾ മദ്യപാനികളുടെയും അക്രമികളുടെയും മയക്കുമരുന്നു സംഘങ്ങളുടെയും കേന്ദ്രമാകുമെന്നുറപ്പാണ്.

