മഴക്കാലപൂർവ്വ ശുചീകരണം നടക്കാത്തതിനെ തുടർന്ന് അഞ്ചുതെങ്ങ് പകർച്ച രോഗ ഭീതിയിൽ. തീര പ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മേഖലയാണ് മഴക്കാലപൂർവ്വ ശുചീകരണം നടക്കാത്തതിനെതുടർന്ന് പകർച്ച രോഗ ഭീഷണി നേരിടുന്നത്.
തോടുകളിൽ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി ജലം സുഗമമായി ഒഴുകി പോകുന്നതിനുള്ള നടപടി സ്വീകരിക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണം. ഇത് പ്രദേശത്ത്
മഴക്കാലരോഗങ്ങളായ മലമ്പനി,മന്ത്,ഡെങ്കിപ്പനി, ചിക്കൻ ഗുനിയ മുതലായവ പടരുവാനുള്ള സാഹചര്യം വർദ്ധിപ്പിക്കുന്നു.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾക്കും മറ്റുമായി വിവിധ വകുപ്പുകളിൽ നിന്ന് ഇതിനോടകം എല്ലാ വാർഡ്കൾക്കും വൻ തുക ലഭ്യമായതായാണ് സൂചന എന്നാൽ ഈ തുക ശുചീകരണ പ്രവർത്തികൾക്കായി പ്രയോജനപ്പെടുത്തുവാൻ ബന്ധപ്പെട്ടവർ ഇതുവരെയും തയാറായിട്ടില്ല.
നിലവിൽ അഞ്ചുതെങ്ങിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന പരിസരമലിനീകരണവും ഒഴുക്ക് നിലച്ച മലിനമായ തൊടുകളും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്.
കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് കൊതുകിന്റെ ഉറവിടം നശിപ്പിക്കുകയാണ് ഏക പോംവഴിയെന്നിരിക്കെ മേഖലയിൽ ആവിശ്യമായ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ ബന്ധപ്പെട്ടവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
അനധികൃത കയ്യേറ്റങ്ങളും മാലിന്യം കുന്നുകൂടിയതും കാരണം തോടുകളിലേയും കൈത്തോടുകളുടേയും നീരോഴുക്ക് നിലച്ചതോടെ പ്രദേശത്തെ തോടുകൾ മഴക്കാലമായതോടെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന അവസ്ഥയിലാണ് ഇത് സെപ്റ്റിക് താങ്കളടക്കമുള്ളവ ചോർന്ന് മനുഷ്യ വിസർജ്യം നടവഴികളിലും മറ്റും നിറഞ്ഞ്നിൽക്കുന്ന മലിനജലത്തിൽ ഒഴുകി നടക്കുന്ന അവസ്ഥയാണ്.
തോടുകളിലേയും ഇടത്തോടുകളിലേയും ഓടകളിലേയും നീരൊഴുക്ക് സുഗമമാക്കി ശുചീകരണ പ്രവർത്തികൾ നടത്തിയാൽ നിലവിലെ സ്ഥിതിയിൽ ജലജന്യ രോഗ പ്രതിരോധം സാധ്യമാകുകയുള്ളൂ.
എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ടവർ മാലിന്യങ്ങളും നീർച്ചാലുകളിലെ തടസ്സങ്ങളും നീക്കം ചെയ്യുവാനുള്ള അടിയന്തര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

