ചിറയിൻകീഴ് റെയിൽവേ മേൽപ്പാലനിർമാണം ഇഴഞ്ഞുനീങ്ങുന്നത് പ്രദേശവാസികളും വ്യാപാരികളും ദുരിതത്തിലാക്കുന്നു.
ചിറയിൻകീഴ് വലിയകടയിൽ നിന്നാരംഭിച്ച് പണ്ടകശാലയ്ക്കു സമീപംവരെ 800 മീറ്റർ നീളത്തിലാണ് മേൽപ്പാലം നിർമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കി പാലം തുറന്നുനൽകുമെന്നാണ് നിർമ്മണ പ്രവർത്തികളുടെ ആരംഭത്തിൽ അഭികൃതർ പറഞ്ഞത്.
എന്നാൽ, കഴിഞ്ഞ ഡിസംബറിൽ പൂർത്തീകരിക്കേണ്ട പാലം, പ്രഖ്യാപനത്തീയതി കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും ഇനിയും പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല.
റെയിൽവേ ഗേറ്റിന്റെ ഭാഗത്തെ നിർമാണ പ്രവർത്തികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്,ഈ ഭാഗത്തെ പ്രവർത്തികൾ ദിനം പ്രതി മന്ദഗതിയിൽ തുടരുന്ന അവസ്ഥയാണ്.
ഈ ഭാഗത്ത് ഉയരേണ്ട തൂണുകളുടെ പണി എങ്ങുമെത്തിയില്ല. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്കാണ് കരാർ. ബസ് സ്റ്റാൻഡ് ഭാഗത്ത് നിർമിക്കുന്ന തൂണുകളുടെ കോൺക്രീറ്റ് മാത്രമാണ് ഇവിടെ പൂർത്തിയായത്.
ഗേറ്റിനു മറുവശം പണി ആരംഭിച്ചിട്ടേയുള്ളു. ഇവിടെ പൈലിങ് സമയത്ത് ജലവിതരണക്കുഴലുകൾ പൊട്ടിയതും ഭൂമിക്കടിയിലെ വിവിധ കേബിളുകൾ മാറ്റിസ്ഥാപിക്കാനെടുത്ത കാലതാമസവും നിർമാണം മന്ദഗതിയിലാകാൻ കാരണമായതായി കരാറുകാർ പറയുന്നു.
താലൂക്കാശുപത്രിയുടെ മുൻഭാഗത്ത് നാല് തൂണുകളും അവയിലെ ഗർഡറുകൾ ഉറപ്പിക്കുന്നവ ഉൾപ്പെടെയുള്ള ജോലികളും ഏറെക്കുറെ പൂർത്തിയായി. ഇവിടെ പാലം തുടങ്ങുന്ന ഭാഗത്ത് പാർശ്വഭിത്തി നിർമിച്ച് അപ്രോച്ച് റോഡ് നിർമിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. മറുവശത്ത് പണ്ടകശാലയിൽ പാലം വന്നിറങ്ങുന്ന ഭാഗത്ത് പാർശ്വഭിത്തി നിർമാണം നടക്കുന്നു.
നിർമാണം പൂർത്തിയാക്കേണ്ട നാല് തൂണുകൾ ഒഴികെ ബാക്കിയുള്ള ഒൻപത് തൂണുകളിലും ഉരുക്ക് ഗർഡറുകൾ സ്ഥാപിച്ചു. ഇവയ്ക്ക് മുകളിൽ സ്ലാബുകൾ നിരത്തുന്ന പണിയാണ് ഇനി നടക്കേണ്ടത്. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ.
വശങ്ങളിൽ രണ്ടുവരി നടപ്പാതയുണ്ടാകും. പൈൽ, പൈൽ ക്യാപ്പ്, ഡെക് സ്ലാബ് എന്നിവ കോൺക്രീറ്റും പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലിലുമാണ് നിർമിക്കുന്നത്. പണി പൂർത്തീകരിക്കാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് സൂചന.

