ശുചിത്വപൂർണ്ണമായ രീതിയില്‍ വഴിയോര മീന്‍കച്ചവടം നടത്താന്‍ ‘മീന്‍കൂട്’ പദ്ധതിയെത്തുന്നു.
അനുയോജ്യമായ സ്ഥലത്ത് മീന്‍കച്ചവടം നടത്താന്‍ പര്യാപ്തമായ മീന്‍കൂട് (സ്ട്രീറ്റ് ഫിഷ് വെന്‍ഡിങ് കിയോസ്ക്) വിതരണം ചെയ്യുന്ന പൈലറ്റ് പദ്ധതി ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുക.
അടുത്ത വര്‍ഷത്തോടെ ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ ‘മീന്‍കൂട്’ വ്യാപിപ്പിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ മത്സ്യവില്‍പന രംഗത്ത് സ്ത്രീ പങ്കാളിത്തം കൂടുതലുള്ളതിനാല്‍ ഗുണഭോക്താക്കളില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കും.
യൂനിറ്റൊന്നിന് ഒരു ലക്ഷം രൂപയാണ് വില. ഇതിൽ സര്‍ക്കാര്‍ സഹായമായി 60,000 രൂപ ലഭിക്കും.
40,000 രൂപ ഗുണഭോക്തൃ വിഹിതമാണ്. ബാങ്ക് വായ്പയായോ നേരിട്ടുള്ള വിഹിതമായോ ഗുണഭോക്തൃ വിഹിതം കണ്ടെത്താം.
ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പോളിമേഴ്സ് നിര്‍മിത കാബിനില്‍ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ ട്രേ, 220 ലിറ്റര്‍ ഐസ് ബോക്സ്, മത്സ്യം വൃത്തിയാക്കാനുള്ള സൗകര്യം, ഫിഷ് കട്ടിങ് ബോര്‍ഡ്, മലിനജലം ശേഖരിക്കാനുള്ള സൗകര്യം, സോളാര്‍ ലൈറ്റിങ് സൗകര്യം, ഇതിനുള്ള ബാറ്ററി, വേസ്റ്റ് ബിന്‍ എന്നിവ അടങ്ങിയതാണ് മീന്‍കൂട് പദ്ധതി.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മത്സ്യങ്ങളുടെ പൊതുവിപണിയിലെ ചില്ലറ വില്‍പനക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആര്‍.ഐ) നേരത്തേതന്നെ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
ഉപഭോക്താക്കളില്‍ എത്തുന്നതുവരെ മത്സ്യത്തിന്റെ ഗുണനിലവാരവും വൃത്തിയും നിലനിര്‍ത്തുന്നതിനു പദ്ധതി സഹായകമാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.
വഴിയോരങ്ങളില്‍ വെയിലും മഴയുമേറ്റ് മണിക്കൂറുകളോളം കച്ചവടം നടത്തുന്നവര്‍ക്കും ‘മീന്‍കൂട്’ പദ്ധതി ആശ്വാസമാകുമെന്നും കരുതപ്പെടുന്നു.

