നിലവിലെ സാഹചര്യത്തിൽ അഞ്ചുതെങ്ങ് മുതലപ്പൊഴിഴിൽ യാതൊരു വിധ സുരക്ഷിതത്വ പ്രശ്നങ്ങളുമില്ലെന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചെന്ന ആക്ഷേപവുമായി എംപി രംഗത്ത്.
ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട്ലൂടെ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഈ മലക്കം മറിച്ചിൽ തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു.
മുതലപ്പൊഴിയിൽ
തുടർച്ചയായി അപകടങ്ങൾ ഉണ്ടാവുന്നത് സംബന്ധിച്ച് വിദഗ്ദ്ധ പഠനം നടത്തണമെന്നും, രക്ഷാ പ്രവർത്തനങ്ങൾക്കായി ഇവിടെ സ്ഥിരം യൂണിറ്റിനെ നിയോഗിക്കണമെന്ന ആവിശ്യം മത്സ്യത്തൊഴിലാളി സംഘടനകളിൽ നിന്ന് നിരന്തരമായി ഉയരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ ഇത്തമൊരു റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ 6 വർഷത്തിനിടെ അറുപതോളം ആളുകൾക്ക് ഇവിടെ നടന്ന അപകടങ്ങളിൽ ജീവഹാനി ഉണ്ടാവുകയും അനവധി ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി വള്ളങ്ങൾക്കു കേടുപാട് സംഭവിക്കുകയും ചെയ്‌തത് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് സമർപ്പിക്കപ്പെ നിരവധി പരാതികളുടെയും നിവേദനങ്ങളുടെയും ഫലമായാണ് കേന്ദ്ര സർക്കാർ കേരളത്തോട് റിപ്പോർട്ട് തേടിയത്.
എന്നാൽ, മുതലപ്പൊഴി ഹാർബറിൽ യാതൊരു സുരക്ഷിതത്വ പ്രശ്നങ്ങളും ഇല്ലെന്ന മറുപടിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയത്.
വിഴിഞ്ഞം പോർട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുതലപ്പൊഴി ഹാർബർ ഉപയോഗിക്കുന്നതിന് അദാനി പോർട്ട് സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് അടിഞ്ഞുകൂടിയ ചെളിയും പാറയും നീക്കം ചെയ്തതായും ഇതിനുശേഷം ഹാർബറിൽ ഇപ്പോൾ സുരക്ഷിതത്വ പ്രശ്നങ്ങൾ ഇല്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്നാണ് സൂചന.
നിലവിൽ സംസ്ഥാന സർക്കാർ ആശാസ്ത്രീയതയൊ, സുരക്ഷിതത്വ പ്രശ്നങ്ങളോ ഇല്ലെന്ന് അവകാശപ്പെടുമ്പോഴും മുതലപ്പൊഴിയുടെ ആശാസ്ത്രീയതയെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ നവംബറിൽ പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയിരുന്നു. ഈ പഠന റിപ്പോർട്ട് പുറത്തുവരുംമുൻപാണ് സംസ്ഥാന സർക്കാർ അപാകതകൾ ഇല്ലെന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.

