അഞ്ചുതെങ്ങ് കേട്ടുപുര സുനാമി കോളനിയിലെ ജനങ്ങളെ കബളിപ്പിക്കുന്നതായ് ആക്ഷേപം. സുനാമി പുനരധിവാസ പദ്ധതി പ്രകാരം അഞ്ചുതെങ്ങിൽ നിർമ്മിച്ചു നൽകിയ 97 ഓളം വീടുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഗ്രാമ പഞ്ചായത്തും ഫിഷറീസും, അടിയന്തര പരിഗണനനൽകാതെ വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾക്ക് ചെറിയൊരു തുക മൈന്റ്നൻസിനായ് അനുവദിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന ആക്ഷേപമാണ് ശക്തമായിരിക്കുന്നത്.
17 വർഷങ്ങൾക്ക് മുൻപ് സുനാമി ഫണ്ട് ഉപയോഗിച്ച് 2 റൂം,വരാന്ത,അടുക്കള ഉൾപ്പെടെ 97 ഓളം വീടുകളാണ് സർക്കാർ നിർമ്മിച്ചുനൽകിയത്. ഇതിൽ എല്ലാവീടുകളും നിലവിൽ വാസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്, ഇതിനോടകം ഭാഗീകമായി തകർന്ന അവസ്ഥയിലാണ് ഇവിടുത്തെ എല്ലാ വീടുകളും. മേൽക്കൂര പൂർണ്ണമായും നീക്കം ചെയ്ത് പുതിയ മേൽക്കൂര സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് കുറച്ചെങ്കിലും പരിഹാരം സാധ്യമാകുകയുള്ളു. ഇത് പല തവണ വീടുകളുടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെയും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഈ മേഖലയിലെ വീടുകൾക്ക് ഫിഷറീസ് വകുപ്പിന്റെ മെയ്ന്റെനൻസ് ഫണ്ട് ഉപയോഗിച്ച് ഒരുലക്ഷം രൂപ വീതം നൽകുമെന്ന് വാഗ്ധാനം നടത്തിയിരുന്നു. എന്നാൽ ഇലക്ഷൻ കഴിഞ്ഞതോടെ മുപ്പതോളം വീടുകൾക്ക് മാത്രമേ, തുക നൽകുവാൻ കഴിയു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തുടർ പദ്ധതികളിൽ ബാക്കി കുടുംബങ്ങളെ ഉൾപ്പെടുത്താമെന്നും ഫിഷറീസ് അധികൃതർ പറയുന്നു. എന്നാൽ ഇനി വരുന്ന പദ്ധതികളിൽ ഉൾപ്പെടുമ്പോൾ ഒരുപക്ഷെ സമാന തുക ലഭ്യമാകണമെന്നില്ലെന്നും സൂചനയുണ്ട്. ഇത് ഇവിടുത്തെ താമസക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ, ഇവിടുത്തെ എല്ലാ കുടുംബങ്ങൾക്കും വിവേചനങ്ങളില്ലാതെ പ്രശ്ന പരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവിശ്യം.

