കടയ്ക്കാവൂർ സർവ്വീസ് സഹകരണ ബാങ്കിലെ തേനീച്ച കൂടുകൾ ഇടപാട് കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിനും പോലീസ് സ്റ്റേഷനും സമീപത്തായി പ്രവർത്തിക്കുന്ന കടയ്ക്കാവൂർ സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ സ്ഥിരതാമാസമാക്കിയ വലുതും ചെറുതുമായ 8 ഓളം തേനീച്ച കൂടുകളാണ് ഇടപാട് കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുന്നത്.
കഴിഞ്ഞ 3 വർഷത്തിലേറെയായി സഹകരണ ബാങ്ക് സമുശ്ചയത്തിൽ തേനീച്ച കൂടുകളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യം ഒരു കൂടായിരുന്നെങ്കിൽ ഇന്നത് ചെറുതും വലുതുമായ എട്ടോളം കൂടുകളായി മാറിക്കഴിഞ്ഞിട്ടും ഇത് ബാങ്ക് ഭരണസമിതി അറിഞ്ഞ ഭാവം കാട്ടാത്ത അവസ്ഥയാണ്.
ഇത്, നിലവിൽ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. മാത്രവുമല്ല ഈ കെട്ടിടത്തിന്റെ 100 മീറ്റർ പരിധിയിലാണ് കടയ്ക്കാവൂർ സേതു പാർവ്വതി ഭായ് ഹൈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇത് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഭീഷണിയായ് തുടയുകയാണ്. തേനീച്ച കൂടുകൾ എത്രയും പെട്ടെന്നുതന്നെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ട ബാങ്ക് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കലക്ടറേറ്റിലുണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധനയ്ക്കിടേ തേനീച്ച കൂട് ഇളകി ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും ഉൾപ്പടെ 150 ഓളം പേർക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.