അഞ്ചുതെങ്ങ് മീരാൻകടവിലെ പാർക്ക് നിർമ്മാണം നിലച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പുത്തൻനട – എട്ടാം വാർഡിൽ അഞ്ചുതെങ്ങ് മീരാൻ കടവ് പാലത്തിനു സമീപത്താണ് പാർക്ക് നിർമ്മാണം നടന്നുവന്നത്.
ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപാ ചിലവിലായിരുന്നു വെൽനസ് പാർക്കിന്റെ നിർമ്മാണ പ്രവർത്തികൾക്ക് പദ്ധതിയിട്ടിരുന്നത്. മുൻ എംഎൽഎ വി ശശിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നായിരുന്നു ഇതിനായ് തുക അനുവദിച്ചത്. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് മീരാൻകടവിൽ ബോട്ട് ജെട്ടി, പാലത്തിന്റെ അടിഭാഗത്ത് കുട്ടികൾക്കായുള്ള പാർക്ക്, വിശ്രമ കേന്ദ്രം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, ശൗചാലയം, സൗന്ദര്യവൽക്കരണം, റോഡ് പുനരുദ്ധാരണം വെൽനസ് സെന്റർ, പാലത്തിന്റെ തൂണുകളിൽ ചുവർ ചിത്രം, കായലിന് സാമാന്തര മായി കമ്പിവേലി, കായൽ സൗന്ദര്യം വീക്ഷികുന്നതിനായി കൽ ബഞ്ച്‌കൾ തുടങ്ങിയ ബ്രിഹത് പദ്ധതികളായിരുന്നു ലക്ഷ്യം. വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിക്ക് ഉൾനാടൻ ജലഗതാഗത വകുപ്പ് (ഇൻ ലാൻഡ് നാവിഗേഷ്യൻ) നായിരുന്നു നിർമ്മാണ ചുമതല.
എന്നാൽ, കഴിഞ്ഞ ഒരു മാസക്കാലമായി പ്രവർത്തികൾ മുടങ്ങി കിടക്കുകയാണ്. കരാർ കമ്പനിക്ക് ഫണ്ട് നൽകാത്തതാണ് നിർമ്മാണം മുടങ്ങാൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം. നിർമ്മാണ പ്രവർത്തികളുടെ ആരംഭത്തിൽ തന്നെ ഈ മേഖലയിൽ പാർക്കിനേക്കാൾ ആവിശ്യം പോലീസ് സ്റ്റേഷനോ, ഫയർ സ്റ്റേഷനോ ആണെന്നും പാർക്ക് നിർമ്മാണം അഴിമതിയ്ക്കായ് മാത്രമാണെന്ന വിമർശനങ്ങൾ നാട്ടുകാരുടെ ഭാഗത്ത്നിന്നും ശക്തമായിരുന്നു. മാത്രവുമല്ല, ഈ പാർക്ക് നിർമ്മാണം അഞ്ചുതെങ്ങ് കായലിന്റെ 25 മീറ്ററോളം കയ്യേറിയാണെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു.

