സുനാമി ഫണ്ടിൽ ഉൾപ്പെടുത്തി സർക്കാർ നിർമ്മിച്ചു നൽകിയ വീടിന്റെ മേൽക്കൂര തകർന്നുവീണു. അഞ്ചുതെങ്ങ് 6-ാം വാർഡിൽ പുത്തൻനട കേട്ടുപുര കറിച്ചട്ടിമൂലിയിൽ (സുനാമി കോളനി) ആന്റോ – ട്രീസ ദമ്പതികളുടെ വീടിന്റെ കോൺഗ്രീറ്റ് കൊണ്ടുള്ള മേൽക്കൂരയാണ് തകർന്നുവീണത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭവം. സംഭവം സമയം കിടപ്പുരോഗിയായ ആന്റോ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലും സമാന സംഭവം ഉണ്ടായിരുന്നു. ദമ്പതികളും മക്കളും ചെറുമക്കളുമായി 12ഒാളം അംഗങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്.
16 വർഷങ്ങൾക്ക് മുൻപ് സുനാമി ഫണ്ട് ഉപയോഗിച്ച് 2 റൂം,വരാന്ത,അടുക്കള ഉൾപ്പെടെ 92ഒാളം വീടുകളാണ് നിർമ്മിച്ചുനൽകിയത്. ഇതിൽ എല്ലാവീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയാണെന്ന് താമസക്കാർ പറയുന്നു. വീടുകളുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മെയിന്റനസിനുള്ള സഹായം പോലും കിട്ടുന്നില്ലെന്നു ഇവർ പരാതിപ്പെടുന്നു.