വർക്കല റെയിൽവേ സ്റ്റേഷൻ വികസന പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ബഹുനില കെട്ടിടം പൊളിച്ചുതുടങ്ങി. അമൃത് ഭാരത് പദ്ധതി പ്രകാരമാണ് വർക്കല റെയിൽവേ സ്റ്റേഷനിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്. 133.5 കോടിയുടെ വികസനപദ്ധതിയുടെ ജോലികളാണ് പുരോഗമിക്കുന്നത് . നിലവിൽ ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്ന മൂന്നുനില കെട്ടിടം പൂർണമായും പൊളിക്കുന്ന പണികൾ നടന്നുവരുന്നു. അധികം പഴക്കമില്ലാത്ത കെട്ടിടമാണ് പുതിയ വികസനത്തിന്റെ ഭാഗമായി പൂർണമായി പൊളിച്ചുനീക്കുന്നത്. പുനർവികസന ജോലികൾ 30 മാസങ്ങൾകൊണ്ട് പൂർത്തീകരിക്കാനാണ് റെയിൽവേ കരാർ നൽകിയിട്ടുള്ളത്. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനും റെയിൽ വികാസ് നിഗം ലിമിറ്റഡിനുമാണ് നിർമാണ കരാർ. വിമാനത്താവളത്തിന് സമാനമായ ആറ് നിലയുള്ള ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമാണ് പുതുതായി നിർമിക്കാൻ പദ്ധതിയുള്ളത്.
98 മീറ്റർ വീതിയും 16 മീറ്റർ നീളവുമുള്ളതാണ് പുതിയ കെട്ടിടം. ഇതിൽ ലിഫ്റ്റ്, എസ്കലേറ്റർ, എ.സി വെയ്റ്റിങ് ഹാൾ, റിട്ടയറിങ് റൂം, ഡോർമിറ്ററി, മീറ്റിങ് ഹാൾ, ജീവനക്കാർക്കുള്ള വിശ്രമമുറികൾ, പേ ആൻഡ് യൂസ് ടോയ്ലറ്റുകൾ, റാമ്പ് തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ടാകും. വാഹന പാർക്കിങ്ങിനും വിശാലമായ സൗകര്യം പദ്ധതിയിലുണ്ട്. പൂന്തോട്ടം ഉൾപ്പെടെയുള്ള സൗന്ദര്യവത്കരണവും ഉണ്ടാകും. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് ഓഫിസ് താൽക്കാലികമായി പഴയ അപ്പർ വെയിറ്റിങ് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്.
പഴയ കെട്ടിടത്തിന്റെ വടക്കേ ഭാഗത്ത് രണ്ടാം നിലയിൽ പണികൾ പുരോഗമിച്ചുവരുന്നു. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് അവിടേക്ക് മാറ്റും. തുടർന്ന് നിലവിലുള്ള സ്റ്റേഷൻ മാസ്റ്റർ ഓഫിസ് കെട്ടിടവും ഒന്നാം പ്ലാറ്റ്ഫോമിലുള്ള കാന്റീനുകളും പൊളിച്ചുനീക്കും. സ്റ്റേഷന്റെ പഴയ കവാടം മുതൽ തെക്കേ അറ്റത്തുള്ള നടപ്പാലം വരെ നീളുന്നതാണ് പുതിയ കെട്ടിടം.