പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടന കർമ്മത്തിന്റെ ഭാഗമായി രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് പൂജാ കര്‍മ്മങ്ങള്‍ക്കൊടുവില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ പ്രധാന മന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനാണ് ആദ്യമായി ചെങ്കോല്‍ സമര്‍പ്പിക്കപ്പെട്ടതെങ്കിലും അദ്ദേഹം അതിന്റെ മഹത്വം മനസ്സിലാക്കിയിരുന്നില്ല.
ചെങ്കോലിനെ “സെങ്കോള്‍” എന്നാണ് പൊതുവെ വിളിക്കുന്നത് – “നീതി” എന്നര്‍ത്ഥം വരുന്ന “സെമ്മായി” എന്ന തമിഴ് വാക്കില്‍ നിന്നാണ് ഈ വാക്ക് വരുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ‘സെങ്കോള്‍’ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് അധികാരം കൈമാറിയതിന്റെ അടയാളമായിട്ടാണ് ഈ ചെങ്കോല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് കൈമാറുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ മ്യൂസിയത്തിലായിരുന്നു ഇതുവരെ ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി, തമിഴ്നാട്ടിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള 30 ഓളം സന്യാസിമാരാണ് ‘സെങ്കോള്‍’ പ്രധാനമന്ത്രി മോദിക്ക് കൈമാറിയത്. ‘സെങ്കോള്‍’ നീതിയും നിഷ്പക്ഷവുമായ ഭരണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രി നെഹ്റുവിനോട് ചോദിച്ച ഒരു ലളിതമായ ചോദ്യത്തിലൂടെയാണ് ചെങ്കോല്‍ ഉണ്ടാകുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്ബോള്‍ അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തുന്നതെന്താണെന്ന ചോദ്യം നെഹ്രുവിനോട് മൗണ്ട് ബാറ്റണ്‍ ചോദിക്കുന്നു, നെഹ്രു ഇതേ ചോദ്യം രാജ്യത്തിന്റെ അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയോടും ചോദിക്കുന്നു.
ഈ അവസരത്തിലാണ് അധികാരത്തില്‍ വരുമ്ബോള്‍ മഹാപുരോഹിതൻ പുതിയ രാജാവിന് ചെങ്കോല്‍ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് രാജാജി എന്ന് പൊതുവെ അറിയപ്പെടുന്ന രാജഗോപാലാചാരി പ്രധാനമന്ത്രി നെഹ്റുവിനോട് പറയുന്നത്.
ചോളരുടെ ഭരണകാലത്ത് ഇത്തരമൊരു പാരമ്പര്യം പിന്തുടര്‍ന്നിരുന്നുവെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇത് അടയാളപ്പെടുത്തുമെന്നും രാജാജി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നെഹ്രു രാജാജിയെ തന്നെ ചെങ്കോല്‍ നിര്‍മ്മിക്കാന്‍ ഏല്‍പ്പിക്കുന്നു.
രാജാജി തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് മാഠാധിപതിയുടെ നിര്‍ദേശത്ത തുടര്‍ന്ന് ചെങ്കോല്‍ നിര്‍മ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകള്‍ ഭാഗത്തായി നീതിയുടെ പ്രതീകമായ ഒരു ‘നന്ദി’ കാളയും സ്ഥിതി ചെയ്യുന്നുണ്ട്. ഒടുവില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്ബോള്‍ അര്‍ദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പാണ് നെഹ്രുവിന്റെ കയ്യിലേക്ക് ചെങ്കോലെത്തുന്നത്.

