വർക്കല, കല്ലമ്പലം മേഖലകളിലെ മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമോണിയ കലർന്ന 300 കിലോയോളം മീൻ പിടികൂടി. വർക്കല പുന്നമൂട് ചന്തയിൽനിന്നു 90 കിലോ ചൂര മീൻ പിടികൂടി.
28-ാം മൈൽ മാർക്കറ്റിൽനിന്നും 25 കിലോ നെത്തോലിയും 70 കിലോ വങ്കടയും കല്ലമ്പലം മാർക്കറ്റിൽനിന്നും 65 കിലോ ചൂരയും 25 കിലോ ചെങ്കലവയും ഏഴുകിലോ ഉണക്കമീനും ആറുകിലോ കൊഞ്ചുമാണ് പിടിച്ചെടുത്തത്. മൊബൈൽ ഫുഡ് ടെസ്റ്റ് ലാബിന്റെ സഹായത്തോടെയുള്ള പരിശോധനയിലാണ് അമോണിയയുടെ സാന്നിധ്യം മീനുകളിൽ കണ്ടെത്തിയത്.
പുന്നമൂട്ടിൽ വർക്കല നഗരസഭാ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഐസിട്ട മീനുകൾ മാർക്കറ്റിൽ എത്തിച്ച് മണൽ വിതറി വിൽപ്പന നടത്തുന്നത് അനുവദിക്കില്ലെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഓഫീസർ ഡോ. ആർ.പി.പ്രവീൺ പറഞ്ഞു.
ഉണക്കമീനുകളിൽ തലയും കുടലും ഉൾപ്പെടെയുള്ളവ നീക്കംചെയ്യാതെ ഉണക്കി വിൽക്കുന്നത് കാരണം പെട്ടെന്ന് പുഴുവുണ്ടാകുന്നതായും കേടാവുന്നതായും കണ്ടെത്തി. പരിശോധനയിൽ പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിച്ചു.
കമ്മീഷൻ ഏജന്റുമാരുടെ ഗോഡൗണുകളിൽ കൃത്യമായ പരിശോധന നടക്കുന്നുണ്ട്. എന്നാൽ, ചെറുകിട വിൽപ്പനക്കാരിലേക്ക് മത്സ്യം എത്തുമ്പോൾ മായം കലരുന്നതായാണ് പരിശോധനയിൽ വ്യക്തമാകുന്നതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് അജിത, ലാബ് അസിസ്റ്റന്റ് വിനോദ്, ഷീജ എൻ., വർക്കല നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിഷ് എസ്.ആർ., സോണി എം., സരിത എസ്. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

