അഞ്ചാം തവണയും ബംബർ പ്രൈസ് അടിച്ച് ആറ്റിങ്ങൽ ഭഗവതി ഏജൻസീസ്. ഇത്തവണത്തെ ഓണം ബമ്പറിന്റെ സമ്മാനതുകയായ 25 കോടി ഒന്നാംസമ്മാനവും ആറ്റിങ്ങൽ ഭഗവതി ഏജൻസീസ് വിറ്റ ടിക്കെറ്റിന് ആയിരുന്നു.
ഇതോടെ അഞ്ച് ബംമ്പർ സമ്മാനങ്ങളെന്ന അപൂർവ്വ നേട്ടം കൈവരിച്ച ഭാഗ്യ ഏജൻസിയായി ആറ്റിങ്ങൽ ഭഗവതി ഏജൻസീസ് മാറി.
2017ലെ ക്രിസ്‌മസ്- ന്യൂ ഇയർ, വിഷു ബമ്പർ, 2015ൽ ഏഴ് കോടി സമ്മാനത്തുകയുണ്ടായിരുന്ന ഓണം ബമ്പർ, അതേവർഷം രണ്ട് കോടിയുള്ള സമ്മർ ബമ്പർ ലോട്ടറി എന്നിവയുടെ ഒന്നാംസമ്മാവും ഭഗവതി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റുകൾക്കായിരുന്നു. ഇതുകൂടാതെ 125 ഒന്നാം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
ഇരുപത് കൊല്ലം മുൻപ് ആറ്റിങ്ങൽ നഗരത്തിലെ റോഡിന്റെ ഒരു വശത്ത് ചെറിയ തട്ടിൽ തുടങ്ങിയതാണ് ലോട്ടറിക്കച്ചവടം. ചിറയിൻകീഴ് സ്വദേശിയായ തങ്കരാജന്റെ അമ്മയുടെ പേരാണ് ഭഗവതി. തന്റെ കടയിൽ നിന്നെടുക്കുന്ന ലോട്ടറികൾക്ക് സമ്മാനങ്ങൾ ലഭിച്ച് തുടങ്ങിയതോടെ ഭാഗ്യ ഏജൻസി എന്ന പേരുവന്നു.
തുടർന്ന് ആറ്റിങ്ങലിൽ തന്നെ ഒരു ചെറിയ കടമുറി വാടകയ്‌ക്ക് എടുത്ത് ടിക്കെറ്റ് വില്പന ആരംഭിക്കുകയായിരുന്നു. വിൽക്കുന്ന ലോട്ടറികൾക്ക് കൂടുതൽ സമ്മാനങ്ങൾ ലഭിച്ചുതുടങ്ങിയതോടെ ഒരു വലിയ കടമുറിയിലേക്കായി കച്ചവടം.
ഇരുപത് വർഷങ്ങൾ കൊണ്ട് സംസ്ഥാനത്ത് ഇരുപത്തോന്നിലേറെ ലോട്ടറി കടകൾ തുടങ്ങാൻ തങ്കരാജിനായി. ഇതിൽ പത്തൊൻപത് കടകൾ തിരുവനന്തപുരത്താണ്. രണ്ടെണ്ണം പരവൂരിലും പാരിപ്പള്ളിയിലും.

