തീരദേശ ടൂറിസത്തിനെ ഭാഗമായി നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ സജ്ജമായി. ബ്രിഡ്ജിന്റെ ഉൽഘാടനം പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
100 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴുമീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാം. ഇരുവശത്തും തൂണുകളുൾപ്പെടെ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനമുണ്ടാകും.
700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തിനെ ഉറപ്പിച്ചുനിറുത്തിയിരിക്കുന്നത്.1400ഓളം ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്തുറപ്പിച്ചാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ നിർമ്മിതി. കൂടാതെ ഫൈബറും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്വകാര്യ സംരഭകരാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിച്ചത്. നിശ്ചിത നിരക്ക് ഈടാക്കിയാണ് പാലത്തിലേക്കുള്ള പ്രവേശനം.

