ആനകളുടെ ആരോഗ്യം വീണ്ടെടുക്കാനും ക്ഷീണം അകറ്റാനും ഉള്ളത് ആണ് കർക്കിടകത്തിലെ സുഖചികിത്സ. ഒരു മാസം നീണ്ട് നിൽക്കുന്ന സുഖചികിത്സക്ക് തിരുവതാംകൂർ ദേവസം ബോർഡിന് കീഴിൽ ഉള്ള വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ തുടക്കമായി. 2019 ലെ ഗജറാണി പട്ടം ലഭിച്ച സരസ്വതി ആനയ്ക്ക് സുഖചികിത്സ ഒരുക്കിയത് ദേവസം ബോർഡ് വെറ്റിനറി ഡോക്ടർ ജയകുമാറിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ്. ശരീരപുഷ്ടിക്ക് ഉള്ള ആയുർവേദ മരുന്നുകൾ ചേർത്ത് ഉരുളകളാക്കി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആശാ ബിന്ദു ആനക്ക് നൽകി. സാധാരണ കൊടുക്കാറുള്ളതിനെക്കാള്‍ കൂടുതല്‍ ആഹാരം നല്‍കുകയും നല്ല വിശപ്പുണ്ടാക്കുകയുമാണ് ചികിത്സയുടെ ഉദ്ദേശം. കര്‍ക്കടകം തുടങ്ങും മുമ്പുതന്നെ വിരയിളക്കാനുള്ള മരുന്നു നല്കി ആനയെ ചികിത്സയ്ക്ക് സജ്ജമാ ക്കിയിരുന്നു. പ്രകൃതിദത്തമായ മരുന്നുകളും ആയുര്‍വേദ ഔഷധകൂട്ടുമാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
ദഹന വര്‍ദ്ധനയ്ക്ക് പ്രധാനമായും നല്‍കുന്നത് അഷ്ടചൂര്‍ണമാണ്. ച്യവനപ്രാശം ലേഹ്യവും ഒപ്പം നല്‍കും. കരളിന്റെ പ്രവര്‍ത്തനം മെച്ചമാക്കാനുള്ള മരുന്നുകള്‍, ലവണങ്ങള്‍, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവയാണ് ക്രമത്തില്‍ നല്‍കാറുള്ളത്. സാധാരണ നല്‍കാറുള്ള തെങ്ങോല, പനമ്പട്ട എന്നിവയ്ക്ക് പുറമെ അധിക അളവില്‍ ചോറും നല്‍കും. ചോളപൊടി, ചെറിയ ഉള്ളി, കൂരവ്, ചെറുപയർ, റാഗി പൊടി , ഈത്തപ്പഴം, ഗോതമ്പ് പൊടി എന്നിവയും അങ്ങാടി മരുന്നുകൾക്കൊപ്പം ഭക്ഷണത്തിൽ നല്ലൊരു അളവിൽ തന്നെ ഉൾപ്പെടുത്തും. ഈ ഒരുമാസക്കാലം ആനയ്ക്ക് പൂർണ്ണ വിശ്രമവും നിർബന്ധമാണ്.
ദേവസം ബോർഡ് സൂപ്രണ്ട് ആർ. ഹരിരാജ്, ആനയുടെ ഒന്നാം പാപ്പാൻ രാമചന്ദ്രൻ, രണ്ടാം പാപ്പാൻ സതീഷ് എന്നിവർ സുഖചികിത്സക്ക് നേതൃ നിരയിൽ ഉണ്ടായിരുന്നു.

