Friday, September 13, 2024
HomeANCHUTHENGUമലയാളക്കരയിൽ "കൊണ്ടൽ" കാറ്റ് ആഞ്ഞുവീശുന്നു.

മലയാളക്കരയിൽ “കൊണ്ടൽ” കാറ്റ് ആഞ്ഞുവീശുന്നു.

മലയാള സിനിമയിലെ കടല്‍ പാശ്ചത്തലമാക്കിയുള്ള ചിത്രങ്ങളില്‍ എഴുതിവയ്ക്കാവുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൊണ്ടല്‍. ആക്ഷന്‍ ഹീറോ ആന്‍റണി വര്‍ഗ്ഗീസ് പെപ്പെ എന്ന് എഴുതിയാണ് ചിത്രം തുടങ്ങുന്നത്. ഇതിലൂടെ തന്നെ ചിത്രം ഇടിപ്പടമാണെന്ന് ഉറപ്പിക്കുന്നു. ഒരു സാധാരണ ഇടിപ്പടം എന്നതിനപ്പുറം അത് ഗംഭീരമാക്കുന്നത് ഈ കഥ പൂര്‍ണ്ണമായും കടലിന്‍റെ പാശ്ചത്തലത്തില്‍ ഒരു ആഴക്കടല്‍ മത്സ്യബന്ധന ബോട്ടിലാണ് എന്നതാണ്.

മാനുവലിന്‍റെ കഥയാണ് കൊണ്ടല്‍. അഞ്ചുതെങ്ങ് കടപ്പുറത്ത് താമസിക്കുന്ന മാനുവലിനെ വേട്ടയാടുന്ന ഒരു ഭൂതകാലമുണ്ട്. അതിനിടയില്‍ നാട്ടിലെ പ്രദേശിക പ്രശ്നത്തില്‍ ഇടപെട്ട് അയാള്‍ക്ക് മാറി നില്‍ക്കേണ്ടി വരുന്നു. അതോടെ വിവിധ സ്വഭാവക്കാരായവര്‍ ഉള്‍പ്പെടുന്ന ഒരു ആഴക്കടല്‍ മത്സ്യബന്ധന ബോട്ടില്‍ ജോലിക്കാരനായി മാനുവല്‍ കടലിലേക്ക് പോകുന്നു. യാഥര്‍ച്ഛികമായാണോ മാനുവല്‍ ആ ബോട്ടില്‍ എത്തിയത്?, മനുവലിനെ വേട്ടയാടുന്ന ഭൂതകാലം എന്ത്? തുടര്‍ന്ന് പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് കൊണ്ടലിന്‍റെ കഥഗതി.

പുതുമുഖ സംവിധായകന്‍ എന്നതരത്തിലുള്ള ഒരു ഒഴിവുകഴിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത അഖ്യാനമാണ് സംവിധായകന്‍ അജിത്ത് മാമ്പള്ളി നല്‍കുന്നത്. കടലും കടലിന്‍റെ അരികുപറ്റിയുള്ള ജീവിതങ്ങളും അവതരിപ്പിച്ചുകൊണ്ട് ഒരു പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം എന്നാല്‍ കടലിലേക്ക് പൂര്‍ണ്ണമായും എത്തുന്നതോടെ കടലിന്‍റെ പരുക്കനായ സ്വഭാവത്തില്‍ അപ്രതീക്ഷിതമായ ഒരു അനുഭവം പ്രേക്ഷകന് നല്‍കുന്നുണ്ട്. പ്രേക്ഷകനില്‍ ആദ്യമുതല്‍ ഉണ്ടാകുന്ന ഉദ്വേഗം ക്ലൈമാക്സ് വരെ ജ്വലിപ്പിച്ച് നിര്‍ത്താന്‍ സംവിധായകന്‍ വിജയിക്കുന്നുണ്ട്.

ചുറ്റും കടലും ഒരു ബോട്ടും വച്ച് രണ്ടര മണിക്കൂറിലേറെ നീളമുള്ള ഒരു ചിത്രം എന്നത് പ്രേക്ഷകന് മടുപ്പ് ഉണ്ടാക്കാത്ത വിധത്തില്‍ ഇരുത്തവും മുറുക്കവും വന്ന തിരക്കഥയാല്‍ ഭദ്രമാക്കുന്നുണ്ട്. സംവിധായകനും റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കടലിന്‍റെ വശ്യത ഒപ്പിയെടുത്ത ദീപക് ഡി മേനോൻ ക്യാമറ വര്‍ക്ക് പ്രേത്യേകം എടുത്തു പറയേണ്ടതാണ്. ഒപ്പം സാം സിഎസിന്‍റെ സ്കോറിംഗ്. ഒരു ആക്ഷന്‍ പടത്തിന്‍റെ ടെമ്പോയ്ക്കൊപ്പം പടത്തിന്‍റെ ത്രില്ലിംഗ് സ്വഭാവത്തിന് ചേരുന്നതാണ് ബിജിഎം.

വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ് എന്നിവര്‍ ഒരുക്കിയ ആക്ഷന്‍ ബ്ലോക്കുകളാണ് ചിത്രത്തിന്‍റെ ആത്മാവ് എന്ന് പറയാം. ആന്‍റണി വര്‍ഗ്ഗീസ് പെപ്പെ ആക്ഷന്‍ റോളില്‍ എപ്പോഴും ഉയര്‍ത്താറുള്ള തന്‍റെ മീറ്റര്‍ ഇതിലും വളരെ ഉയരത്തില്‍ തന്നെ വച്ചിട്ടുണ്ട്. ഒപ്പം അഭിനയിച്ച നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. നന്ദു, പ്രമോദ് വെളിയനാട്, ഷബീര്‍ എന്നിവരുടെ റോളുകള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇതിനൊപ്പം ചിത്രത്തില്‍ രാജ് ബി ഷെട്ടിയുടെ റോള്‍ തീര്‍ത്തും സര്‍പ്രൈസും ഗംഭീരവുമായിരുന്നു. മികച്ചൊരു ആക്ഷന്‍ ചിത്രം ഈ ഓണക്കാലത്ത് അസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗംഭീരമായ ചോയിസാണ് കൊണ്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES