Saturday, August 31, 2024
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്മൂടുന്നു : മത്സ്യത്തൊഴിലാളികൾ ഭീതിയിൽ.

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മണ്ണ്മൂടുന്നു : മത്സ്യത്തൊഴിലാളികൾ ഭീതിയിൽ.

അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് അപകടങ്ങൾ തുടർക്കഥയായി കുപ്രസക്തി യാർജ്ജിച്ച അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിന്റെ അഴിമുഖത്ത് വീണ്ടും മണ്ണ്മൂടൽ പ്രതിഭാസം രൂപപ്പെടുന്നു.

തുറമുഖ ചാലിൽ ക്രമാതീതമായി അടിഞ്ഞുകൂടുന്ന മണൽത്തിട്ടയിൽ ഇടിച്ച് മത്സ്യബന്ധന യാനങ്ങൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതകളാണ് ഇതോടെ വർദ്ധിച്ചിരിക്കുന്നത്. ഇത് മത്സ്യതൊഴിലാളികളുടെ ജീവനും ഭീഷണി ഉയർത്തുകയാണ്.

ആശാസ്ത്രീയ പുലിമുട്ട് നിർമ്മാണത്തിനാൽ അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞുകൂടിയതിനെ തുടർന്ന് ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 60 പതിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവനും നഷ്ടമായിട്ടുണ്ട്. കൂടാതെ, വിവിധ അപകടങ്ങളിലായി ലക്ഷങ്ങളുടെ മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുള്ളത്.

അപകടമരണങ്ങൾ സംഭവിക്കുമ്പോൾ പ്രതിഷേധം തണുപ്പിയ്ക്കുവാനായി മുതലപ്പൊഴിയുടെ അശാസ്ത്രീയതയെ കുറിച്ച് പഠിക്കുവാൻ സമിതികളെ നിയമിക്കുകയും തുടർന്ന് തുറമുഖ ഇടനാഴിയിൽ ട്രെഡ്ജിങ് ഉൾപ്പെടെയുള്ളവ നടത്തി മണൽ നീക്കം ചെയ്യുവാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇവയൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല എന്നതിന്റെ തെളിവാണ് മുതലപ്പൊഴി തുറമുഖ കവാടത്ത് വീണ്ടും മണലടിയുന്നതും തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നതും.

കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് സ്വദേശിയായ അജി ജോസഫിന്റെ ഉടമസ്ഥതയിലുള്ള “അത്യുന്നതങ്ങൾ” എന്ന വള്ളം കഴിഞ്ഞ അഴിമുഖ കവാടത്തിൽ അടിഞ്ഞുകൂടിയ മണൽത്തിട്ടയിൽ ഇടിച്ചുകയറി അപകടം സംഭവിച്ചിരുന്നു.

ഈ അപകടത്തിൽ നാലോളം മത്സ്യത്തൊഴിലാളികൾ തലനാരിഴയ്ക്ക് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ പകടത്തിൽ വള്ളവും മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളും തിരയിൽപ്പെട്ട് തകരുകയും നഷ്ടപ്പെടുകയും ചെയ്തിരുന്നു.

മുതലപ്പൊഴി സുരക്ഷിതമാണെന്ന റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കൈമാറിയിരിക്കെയാണ് വീണ്ടും അഴിമുഖത്ത് ക്രമാതീതമായി മണ്ണടിഞ്ഞു കൂടുന്നതും തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്നതും.

എത്രയും പെട്ടെന്ന് തന്നെ ഇതിനുള്ള പരിഹാര നടപടികൾ തുറമുഖ വകുപ്പിന്റെയും ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ ഇനിയും നിരവധിയായിട്ടുള്ള അപകടങ്ങൾക്കും ജീവഹാനികൾക്കും കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES