അഞ്ചുതെങ്ങിൽ നിർദ്ധന രോഗിയുടെ വീട്ടിൽ വൈദ്യുത കണക്ഷൻ ലഭിയ്ക്കാത്തതിനെ തുടർന്ന് നരക ജീവിതം നയിക്കുന്നു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലാണ് സംഭവം. കായിക്കര വടക്കേ വാടയിൽ താങ്കുട്ടൻ എന്ന് വിളിക്കുന്ന ഗിരീഷ്കുമാർ (58) വൈദ്യത കണക്ഷനില്ലാത്ത വീട്ടിൽ നരകജീവിതം നയിക്കുന്നത്.
ഏഴ് വർഷങ്ങൾക്കു മുമ്പാണ് തന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വന്തമായി ഒരു വീട് നിർമ്മിച്ച് ഗിരികുമാർ താമസം തുടങ്ങിയത്. കൂലിപ്പണിയ്ക്ക് പോയായിരുന്നു അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്, അതിനാൽ തന്നെ വീടുപണി പൂർത്തിയാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ഷുഗർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുന്നത്.
രോഗം മൂർശ്ചിച്ചതോടെ ഇരു കാലുകളിലേയും വിരലുകൾ മുറിച്ചുമറ്റേണ്ടതായ് വന്നു. ഇതോടെ ദൈനംദിന ജീവിതം അവതാളത്തിലാകുകയും ഭാര്യ ഉപേക്ഷിച്ചുപോകുകയുമായിരുന്നു.
ഇതോടെ ഒറ്റയ്ക്കായ ഗിരികുമാർ മാനസികമായും തകർന്നു. നിലവിൽ സമീപ വാസികളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് അദ്ദേഹം ജീവിതം തള്ളി നീക്കുന്നത്. കിടപ്പ് രോഗിയായ് മാറുന്ന അവസ്ഥയിൽ ജീവിതം നരകതുല്യമായതോടെയാണ് അദ്ദേഹം വീട്ടിൽ വൈദ്യുത കണക്ഷൻ എടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒന്നര വർഷങ്ങൾക്ക് മുൻപാണ് കെഎസ്ഇബി യിൽ അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.
എന്നാൽ ഗിരികുമാർ ബിപിഎൽ കാർഡ് ഉടമ അല്ലാത്തതിനാൽ വൈദ്യുതി കണക്ഷൻ ലഭ്യമാകുവാൻ വൻതുക കെഎസ്ഇബിയിൽ അടക്കേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
അന്നന്നുള്ള ആഹാരത്തിന് തന്നെ ബുദ്ധിമുട്ടുന്ന ഗിരീകുമാറിന് ഈ തുക അടക്കുവാൻ കഴിയാതെ വന്നതോടെ വൈദ്യുത കണക്ഷൻ എന്നതും ഒരു പാഴ് സ്വപ്നമാവുകയായിരുന്നു.

