എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയൻ പത്രാധിപർ കെ.സുകുമാരന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള 2024ലെ മാധ്യമ പുരസ്കാരം കേരള കൗമുദി കടയ്ക്കാവൂർ ലേഖകനും ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയൻ മുൻ കൗൺസിലറുമായിരുന്ന ഡി. ശിവദാസിനു യൂണിയൻ ഭാരവാഹികൾ അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ വീട്ടിലെത്തി കൈമാറി.
യൂണിയന്റെ പ്രഥമ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനും പ്രമുഖ ഗുരു സന്ദേശ പ്രഭാഷകനുമായ ഡോ.ബി. സീരപാണി പുരസ്കാരം സമ്മാനിച്ചു. പത്രപ്രവർത്തന മേഖലയിൽ ഗ്രാമീണതലത്തിൽ കേരള കൗമുദിയിലൂടെ നാടിന്റെ വളർച്ചക്കും ഒപ്പം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്കും ശിവദാസ് വഹിച്ചിട്ടുള്ള പങ്ക് വിസ്മരിക്കാവുന്നതല്ലെന്നു ഡോ.ബി. സീരപാണി പറഞ്ഞു.
അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം ഗ്രാമ പഞ്ചായത്തു മേഖലകളിൽ എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി നടത്തുന്നതിലും ശാഖാ യോഗങ്ങൾ ഉണ്ടാക്കുന്നതിലും സജീവമായ ഇടപെടലുകൾ കേരള കൗമുദിയിലൂടേയും കൗൺസിലർ എന്ന നിലയിൽ സംഘാടകനെന്ന നിലയിലും ശിവദാസ് നിർവഹിച്ചിട്ടുളളതായും ഡോ. സീരപാണി പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി ശിവദാസിനെ പൊന്നാടയണിയിച്ചാദരിച്ചു. എസ്എൻ ട്രസ്റ്റ് മെമ്പർ ബൈജു തോന്നയ്ക്കൽ, ചിറയിൻകീഴ് പുതുക്കരി എസ്എൻഡിപി ശാഖായോഗം പ്രസിഡന്റ് സന്തോഷ് പുതുക്കരി, ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി ജില്ല വൈസ് പ്രസിഡന്റ് സുരേഷ് തിട്ടയിൽ എന്നിവർ പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു. എല്ലാ വർഷവും പത്രാധിപർ സ്മൃതി ദിനത്തിൽ യൂണിയന്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമത്തിൽ നടക്കുന്ന പത്രാധിപർ അനുസ്മരണ സമ്മേളനത്തിൽ ചിറയിൻകീഴ് മേഖലയിൽ നിന്നു തിരഞ്ഞെടുക്കുന്ന സാമൂഹ്യ പ്രവർത്തകനും ഗ്രാമീണ തലത്തിൽ പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുമാണു പുരസ്കാരം നൽകുന്നത്. ഡി. ശിവദാസ് മറുപടി പ്രസംഗം നടത്തി. പത്രാധിപരുടെ പേരിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ നൽകിയ അവാർഡിൽ താൻ ഏറെ അഭിമാനം കൊള്ളുന്നതായി ഡി.ശിവദാസ് പറഞ്ഞു.