വര്‍ക്കല പാപനാശം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.
ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആയിരുന്നു ഉൽഘാടനം ചെയ്തത്.
കേരളത്തിലെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജായിരുന്നു ഇത്. ബീച്ചിൽ കരയിൽനിന്നും 100 മീറ്റർ കടലിലേക്ക് 3 മീറ്റർ വീതിയുള്ള പാലത്തിലൂടെ തിരമാലകളുടെ താളത്തിനൊത്ത് ആടിയുലഞ്ഞു നടക്കാനും, പാലത്തിന്‍റെ അവസാനം സ്ഥാപിച്ച 11 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള പ്ലാറ്റ്ഫോമിൽ നിന്ന് കടൽ കാഴ്ചകൾ ആസ്വദിക്കാനും സാധിക്കും വിധമായിരുന്നു നിർമ്മാണം. കേരളത്തിലെ ബീച്ച് ടൂറിസത്തിൽ വാട്ടർ സ്പോർട്സിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മാണം. 120 രൂപയായിരുന്നു ബ്രിഡ്ജിൽ കയറുന്നതിനുള്ള ഫീസ്. ഒരേ സമയം 100 പേർക്ക് പ്രവേശനം അനുവധിച്ചിരുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് 1400 ഹൈ ഡെന്‍സിറ്റി ഫ്ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചായിരുന്നു നിർമ്മിച്ചിരുന്നത്.
കൂടാതെ, 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് പാലത്തെ ഉറപ്പിച്ചു നിർത്തിയിട്ടുണ്ടെന്നുമായിരുന്നു നിർമ്മാണ കമ്പനിയുടെ അവകാശ വാദം.