തിരുവനന്തപുരം കോവളം- ബേക്കൽ ദേശീയ ജലപാതയിലുള്ള വർക്കലയിലെ ടണലുകളിൽ ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും തിരുവിതാംകൂറിന്റെ ചരിത്രവുമടക്കം ചരിത്ര സംഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
കോവളം-ബേക്കൽ പശ്ചിമതീര കനാൽ വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ വർക്കല ഭാഗത്തും ദ്രുതഗതിയിലാണ്. വർക്കലയിലെ രണ്ട് ടണലുകളിലെയും ചെളിയും മറ്റും നീക്കം ചെയ്തു. ഇവയ്ക്കിടയിലുള്ള കനാലിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. ചിലക്കൂർ ടണലിനുള്ളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഫണ്ട് ഉപയോഗിച്ച് കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനാവശ്യമായ 20 സീറ്റ് കപ്പാസിറ്റിയുള്ള ഇലക്ട്രിക് ബോട്ടിന്റെ നിർമ്മാണം പൂർത്തിയായിവരുന്നു.ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും വി ജോയിയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.

