മുതലപ്പൊഴി തെക്കേ പുലിമുട്ടിന്റെ നിർമാണ പ്രവർത്തികൾ പുനരാരംഭിച്ചു.
കാലവർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മുതലപ്പൊഴി തെക്കേ പുലിമുട്ടിന്റെ നിർമാണ പ്രവർത്തികളാണ് ഇന്ന് മുതൽ വീണ്ടും
പുനരാരംഭിച്ചത്. പുലിമുട്ടിന്റെ നിലവിലെ നിർമാണം അശാസ്ത്രീയമാണെന്നും പുതിയ നിർമാണം കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കുമെന്നും മത്സ്യത്തൊഴിലാളികൾ നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നു.
നിർമാണം തടസ്സപ്പെട്ട ഇടവേളയിൽ പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS) വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ കേട്ടിരുന്നു. നിർമാണം പകുതി ഘട്ടം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും, പൂര്ണ്ണമായി പൂർത്തിയായാൽ മാത്രമേ ഇതിന്റെ യഥാർത്ഥ ഗുണം ലഭിക്കൂവെന്നും വിദഗ്ധ സമിതി വ്യക്തമാക്കി.
വിദഗ്ധ സമിതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം തുടരുന്നതെങ്കിലും, മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പൂർണ്ണമായി മാറാത്ത സാഹചര്യത്തിലാണ് നിർമാണം വീണ്ടും തുടങ്ങിയത്. ബ്രേക്ക്‌വാട്ടറിന്റെ 220 മീറ്റർ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട് 205 മീറ്റർ നീളം കൂടിയാണ് ഇനി പുലിമുട്ടിനായി പുതുതായി നിർമ്മിക്കേണ്ടത്.

