നഗരസഭാ കൗൺസിൽ യോഗത്തിൽ സിപിഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം. നഗരസഭാ ചെയർമാനെ തടയാൻ ശ്രമിച്ച ബിജെപി കൗൺസിലർമാരെ സിപിഎം കൗൺസിലർമാർ പ്രതിരോധിച്ചതോടെയാണ് സംഘർഷമുണ്ടായത്.
ബിജെപി കൗൺസിലർമാർ ചെയർമാന്റെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് ഉന്തുംതള്ളുമുണ്ടായി. പോലീസെത്തിയാണ് ചെയർമാനെ പുറത്തെത്തിച്ചത്. തടയാൻ ശ്രമിച്ച 11 ബിജെപി കൗൺസിലർമാരെയും പോലീസ് അറസ്റ്റുചെയ്തു നീക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കൗൺസിൽ യോഗത്തിലാണ് നഗരസഭാ സിഡിഎസ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്.
യോഗം ആരംഭിച്ചപ്പോൾ മുദ്രാവാക്യവുമായി ഇവർ പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ കൗൺസിൽ പരിഗണിച്ച അജൻഡകളെല്ലാം പാസായതായും കൗൺസിൽ അവസാനിച്ചതായും ചെയർമാൻ മൈക്കിലൂടെ അറിയിച്ചു.
തുടർന്ന് അദ്ദേഹം ഇറങ്ങിപ്പോകുമ്പോൾ ബിജെപി കൗൺസിലർ ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചു. ഇതിനെ സിപിഎം കൗൺസിലർമാർ നിതിൻനായരുടെയും സതീശന്റെയും നേതൃത്വത്തിൽ പ്രതിരോധിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
തുടർന്ന്, ചെയർമാൻ ചേംബറിലേക്ക് കയറിയപ്പോൾ ബിജെപി കൗൺസിലർമാർ ഇതിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം തുടർന്നു.
ഇതിനിടയിലും ഇരുവിഭാഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചെയർമാന്റെ ക്യാബിന്റെ ഗ്ലാസും തകർന്നു. സംഘർഷാവസ്ഥ തുടർന്നതോടെ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ചെയർമാനെ പോലീസ് പുറത്തെത്തിച്ചപ്പോഴും ചെയർമാന്റെ കാറിനു മുന്നിൽ തടസ്സമുണ്ടാക്കാൻ ബിജെപി കൗൺസിലർമാർ ശ്രമിച്ചു. ഇതോടെ മുഴുവൻ ബിജെപി കൗൺസിലർമാരെയും പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.
അറസ്റ്റുചെയ്ത ബി.ജെ.പി. കൗൺസിലർമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തു.

