വരുമാന വർദ്ധന ലക്ഷ്യമിട്ട് കൂടുതൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം ജനുവരിയിൽ തുടങ്ങും. ഇതിനായി അഞ്ച് ആധുനിക ബോട്ടുകൾ സജ്ജമാക്കി.
പരിശീലനത്തിനുശേഷം വായ്പയും സബ്സിഡിയും ലഭ്യമാക്കി ഈ ബോട്ടുകൾ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ നൽകും. ആധുനിക രീതിയിലുള്ള ചൂണ്ട, ഗിൽനെറ്ര് വലകൾ ഘടിപ്പിച്ച ബോട്ടുകളാണിത്. കൊച്ചിൻ ഷിപ്പ്യാർഡിന്റെ നേതൃത്വത്തിൽ ഉഡുപ്പിയ്ക്ക് സമീപത്തെ മാൽപ്പേ യാർഡിലാണ് നിർമ്മിച്ചത്.
1.5 കോടിയാണ് ഒരു ബോട്ടിന്റെ നിർമ്മാണച്ചെലവ്. അടുത്ത ഘട്ടത്തിൽ അഞ്ച് ബോട്ടുകൾ കൂടി ലഭ്യമാക്കും. നിലവിൽ 15 ശതമാനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത്.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലായി പത്തു പേരടങ്ങുന്ന പത്ത് ഗ്രൂപ്പുകൾക്കാണ് പരിശീലനം. മത്സ്യ സഹകരണ സംഘങ്ങളിൽ അംഗങ്ങളായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് അതിൽ നിന്നാകും അർഹരായവരെ തിരഞ്ഞെടുക്കുക. ആറുമാസമാണ് പരിശീലന കാലയളവ്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയിലെ വിദഗ്ദ്ധർ ഉൾപ്പെടെ നേതൃത്വം നൽകും.
പത്തു പേരടങ്ങുന്ന ഗ്രൂപ്പിനാണ് ബോട്ടുകൾ ലഭ്യമാക്കുക. പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി വഴി സബ്സിഡി നൽകും.
▪️ആധുനിക ബോട്ട്ന്റെ പ്രത്യേകതകൾ.
*22.7 മീറ്റർ നീളം, 230 എച്ച്.പി എൻജിൻ ശക്തി.
*18 മുതൽ 20 ടൺവരെ മത്സ്യം സൂക്ഷിക്കാം.
*മൈനസ് 4 ഡിഗ്രി സെൽഷ്യസിലുള്ള ഐസ് ചേംബർ, 10 പേർക്ക് സഞ്ചരിക്കാം.
*ആശയവിനിമയത്തിന് സാറ്റലൈറ്ര് ഫോൺ, ജി.പി.എസ്.

