ലഹരിക്കെതിരെ യുവതയെ അണിനിരത്തി കായികാവേശം പകരുന്ന ഫുട്ബോൾ ടൂർണമെന്റിന് പെരുമാതുറയിൽ തുടക്കമായി.
പെരുമാതുറ ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റിയും പെരുമാതുറ ലഹരി വിരുദ്ധ സമിതിയും സംയുക്തമായി കിംസ് ഹെൽത്ത് സി.എസ്.ആർ വിഭാഗത്തിന്റെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ‘ലഹരിക്കെതിരെ പടയൊരുക്കം’ എന്ന സന്ദേശമുയർത്തി നടക്കുന്ന ടൂർണമെന്റ് നവംബർ 29-ന് സമാപിക്കും.
അണ്ടർ 15, അണ്ടർ 21 വിഭാഗങ്ങളിലായി പെരുമാതുറ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ആറുപേർ വീതമുള്ള ടീമുകളായാണ് മത്സരങ്ങൾ.
ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ ഡി. സന്തോഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി ചെയർമാൻ എം. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. കഠിനംകുളം പോലീസ് സ്റ്റേഷൻ എസ്.ഐ. ആഷിൽ രവി കിക്കോഫ് നിർവഹിച്ചു.
കിംസ് ഹെൽത്ത് സി.എസ്.ആർ മാനേജർ ഫിറോസ് ഖാൻ, സുനിൽ സാലി, മാടൻവിള നൗഷാദ്, സജീവ് ചന്ദ്രൻ, എ.ആർ. നൗഷാദ്, സഫീദ, ഷഹീർ, ഇക്ബാൽ, ഷെഫീറ, നസിയ സുധീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടന മത്സരത്തിൽ എ.എഫ്.സി ഗ്രീനും സ്ട്രൈക്കേഴ്സ് എഫ്.സിയും ഏറ്റുമുട്ടി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരു ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് എ.എഫ്.സി ഗ്രീനിനെ തോൽപ്പിച്ച് സ്ട്രൈക്കേഴ്സ് എഫ്.സി വിജയിച്ചു.
യുവാക്കളുടെ കായികശേഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം. കളിക്കാരിലേക്കു മാത്രമല്ല, മത്സരങ്ങൾ കാണാനെത്തുന്നവരിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
നവംബർ 29-ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനച്ചടങ്ങിൽ ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ലിമിറ്റഡ് സി.എസ്.ആർ വിഭാഗം മേധാവി റഷ്മി ആയിഷ ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്യും. എഡ്യുക്കെയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും സമാപനച്ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.

