Thursday, November 5, 2026
HomeANCHUTHENGUകോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു.

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു.

കോട്ടയ്ക്ക് സമീപത്തെ അഞ്ചുതെങ്ങ് ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണം പുരാവസ്തു വകുപ്പ് തടഞ്ഞു. അനുമതി വാങ്ങാതെ നടത്തിയ കെട്ടിട നിർമ്മാണമാണ് പുരാവസ്തുവകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) തടഞ്ഞത്.

ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലാണ് അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ( ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം ) പ്രവർത്തിക്കുന്നത്, ഇവിടെ മുൻ ചിറയിൻകീഴ് എംഎൽഎ വി ശശിയുടെ 2024-25 കാലയളവിലെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപയാണ് പുതിയ ഒപി മന്ദിര നിർമ്മാണ പ്രവർത്തികൾക്കായി അനുവദിച്ചത്. ഈ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ആറ് മാസങ്ങൾക്ക് മുൻപ് സോയിൽ ടെസ്റ്റ്‌ നടത്തിയിരുന്നു.
ഈ പ്രവർത്തികൾ ആരംഭിച്ചപ്പോൾ തന്നെ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതി നേടിയതിന് ശേഷം മാത്രം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ പാടുള്ളൂ എന്ന അറിയിപ്പ് പുരാവസ്തു വകുപ്പ് ആശുപത്രി അധികൃതർക്ക് നൽകിയിരുന്നു. എന്നാൽ, ഈ അറിയിപ്പ് വകവയ്ക്കാതെ വീണ്ടും പ്രവർത്തികൾ ആരംഭിച്ചതോടെയാണ് പുരാവസ്തു വകുപ്പ് സ്റ്റോപ്പ്‌ മെമ്മോ നൽകുവാൻ കാരണമായത്. കൂടാതെ, അനുമതി വാങ്ങി മാത്രം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാവൂ എന്ന നോട്ടീസ് ലഭിച്ചിട്ടും ഇത് വകവെയ്ക്കാതെ നിർമ്മാണ പ്രവർത്തികൾ വീണ്ടും ആരംഭിച്ച നടപടിയിൽ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

1958 ലെ ആക്‌ട് അനുസരിച്ച് അഞ്ചുതെങ്ങ് കോട്ട ദേശീയ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്, തുടർന്ന്, 2010 ൽ നിയമഭേദഗതിയോടുകൂടി പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം ഈ സ്‌മാരകത്തെ നശിപ്പിക്കുകയോ, കേടുപാടുകൾ വരുത്തുകയോ, രൂപമാറ്റം വരുത്തുകയോ, വിരൂപപ്പെടുത്തുകയോ, ദുരുപയോഗപ്പെടു ത്തുകയോ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ ₹ 1,00,000 രൂപ (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷലഭിക്കുന്നകുറ്റമാണ്. കൂടാതെ, പ്രാചീനസ്മാരകങ്ങളും പുരാവസ്‌തു പ്രാധാന്യമുള്ള സ്ഥലങ്ങളും പുരാതനഅവശിഷ്ടങ്ങളും (AMENDMENT AND VALIDATION] ആക്‌ട് 2010 വകുപ്പ് 20 എയും 20 എയും പ്രകാരം സ്മാരകത്തിന് സമീപം ഖനന നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഈ സ്‌മാരകത്തിൻ്റെ സംരക്ഷണ പരിധിക്ക് പുറത്ത് 100 മീറ്റർ ചുറ്റളവിലും അവിടെനിന്നും തുടർന്നുള്ള 200 മീറ്റർ ചുറ്റളവിലുമുള്ള പ്രദേശം യഥാക്രമം നിരോധിത മേഖലയായും നിയന്ത്രിതമേഖലയായും പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിക്കുന്ന വർക്ക്, വകുപ്പ് 30 എയും 30 എയും പ്രകാരം രണ്ട് വർഷം തടവോ ₹ 1,00,000 രൂപ (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷലഭിക്കാവുന്നതുമാണ്. എന്നാൽ, അഞ്ചുതെങ്ങ് ആശുപത്രിയുടെ ചുമതലമാത്രമാണ് മെഡിക്കൽ ഓഫീസർക്ക് ഉള്ളതെന്ന് കെട്ടിടനിർമ്മാണം പൊതു മരാമത്ത് വകുപ്പ് ആണ് കൈകാര്യം ചെയ്യുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.

നിലവിൽ, പ്രദേശത്ത് ഇതിനോടകം നിർമ്മിക്കപ്പെട്ടിട്ടുള്ള പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് കർശന നിബന്ധനകളുടെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തികൾക്ക് അനുമതി നൽകാറുള്ളൂ. പുതിയ കെട്ടിടങ്ങൾക്ക് 100 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തികൾക്ക് അനുമതിനൽകുവാൻ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുമില്ല. അതിനാൽ തന്നെ ഇനിയും അനധികൃത നിർമ്മാണ പ്രവർത്തികൾ തുടർന്നാൽ പുരാവസ്തു വകുപ്പ് കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES