വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും അന്വേഷണാത്മക ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രിയദർശിനി പ്ലാനറ്റേറിയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സയൻസ് ടു സ്റ്റുഡന്റ്സ് – സ്കൈ വാച്ചിംഗ് പ്രോഗ്രാം’ ഒക്ടോബർ 11 ന് വൈകുന്നേരം 6 മുതൽ രാത്രി 9 വരെ മുതലപ്പൊഴി പൊഴിയ്ക്കര വാർഡിലെ പാർക്കിൽ നടക്കും.
തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തെ നേരിട്ട് അനുഭവിച്ചറിയാനും പ്രപഞ്ചത്തിന്റെ വിസ്മയങ്ങളെ അടുത്തറിയാനും അവസരമൊരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ടെലിസ്കോപ്പിന്റെ സഹായത്തോടെ ആകാശനിരീക്ഷണം നടത്തുന്നതിനൊപ്പം പ്രിയദർശിനി പ്ലാനറ്റേറിയത്തിന്റെ ആസ്ട്രോ വാനിലൂടെയുള്ള ശാസ്ത്രപരിചയവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
തീരദേശ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ടു-തേർഡ്സ് കമ്മ്യൂണിറ്റി ഫൗണ്ടേഷൻ, വിദ്യാഭ്യാസം, യുവജനശാക്തീകരണം, ഉപജീവന വികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. പഠനം ക്ലാസ് മുറികൾക്കപ്പുറം അനുഭവങ്ങളിലൂടെയും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും സാധ്യമാക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് ‘സയൻസ് ടു സ്റ്റുഡന്റ്സ്’ പരിപാടി സംഘടിപ്പിക്കുന്നത്.
വൈകുന്നേരം 5.45 മുതൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഉദ്ഘാടന സമ്മേളനവും ആകാശനിരീക്ഷണ സെഷനും നടക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രദേശവാസികൾക്കും പരിപാടിയിൽ പങ്കെടുക്കാം.

