അഞ്ചുതെങ്ങിൽ വിഷവാതകം ശ്വസിച്ച് ഐസ് പ്ലാന്റ് ജീവനക്കാരൻ മരിച്ചു. കൊല്ലം മീനാട് ലൈല മൻസിലിൽ ഷറഫുദ്ധീൻ (73) ആണ് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. അമോണിയം ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
സെപ്റ്റംബർ 9 രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പൂത്തുറ എച്ച് എം ഐസ് പ്ലാന്റ് ജീവനക്കാരനായിരുന്ന ഷറഫുദ്ധീൻ ജോലിക്കിടെ വിഷവാതകം ശ്വസിക്കുകയായിരുന്നു. തുടർന്ന് ശർദ്ധിയും തലകറക്കവും അനുഭവപ്പെട്ട ഷറഫിഫുദ്ധീനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം (സെപ്റ്റംബർ 19) രാത്രി 10 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് 3 മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് 7 മണിയോടെ കൊട്ടിയം കോട്ടുംപുറം മുസ്ലിം ജമാഅത്ത് പള്ളിയിൽ ഷറഫുദ്ധീന്റെ സംസ്കാര ചടങ്ങുകൾ നടന്നു.
ഒരുമാസം മുൻപാണ് ഷറഫുദ്ധീൻ പൂത്തുറ ഐസ് പ്ലാന്റിൽ ജോലിയ്ക്കായ് എത്തിയത്. പ്ലാന്റ് ഓഫീസ് ജോലികൾക്കായ് എത്തിയ ഷറഫുദ്ധീൻ ജീവനക്കാരുടെ ആഭാവത്തിൽ മറ്റു ജോലികളും നോക്കുമായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. അഞ്ചുതെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ ലൈല, മക്കൾ, ഷാലി, ഷാലിന, ഷെമി, ഷംല, മരുമക്കൾ സുധീർ, സനൽ, ഷാനവാസ്, ഷമീർ.


