2025 ജനുവരി 26 ന് ന്യൂഡൽഹിയിലെ കർത്തവ്യ പാതയിൽ നടക്കുന്ന 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥികളായി അഞ്ചുതെങ്ങ് സ്വദേശികൾക്ക് ക്ഷണം ലഭിച്ചു.
അഞ്ചുതെങ്ങ് പുത്തൻവീട് അഞ്ചുനിവാസിൽ അലോഷ്യസ് (53) ഭാര്യ ബിന്ദു, അഞ്ചുതെങ്ങ് വാക്കൻകുളം വയലിൽവീട് റ്റി.ആർ വില്ലയിൽ വർഗ്ഗീസ് (49) ഭാര്യ സെലിൻ തുടങ്ങിയവർക്കാണ് 76-ാമത് റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി കേന്ദ്രസർക്കാരിന്റെ ക്ഷണം ലഭിച്ചത്.
ക്ഷണത്തിന് മുന്നോടിയായി ഇവരെ കഴിഞ്ഞ ആഴ്ച പോലീസ് വെരിഫിക്കേഷൻ നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാത്രിയോടെ കേന്ദ്ര സഹ മന്ത്രി ജോർജ്ജ് കുര്യന്റെ ഓഫീസിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിക്കുകയുമായിരുന്നു. ഇവർക്ക് ഡൽഹിയിലേക്ക് പോകുവാനുള്ള എയർ ടിക്കറ്റടക്കമുള്ളവയും ലഭ്യമാക്കിക്കഴിഞ്ഞു. ജനുവരി 25 ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇവർ ഡൽഹിയിലേക്ക് പുറപ്പെടും.
ക്ഷണിതാക്കളായവർക്ക് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പുറമേ, വിശിഷ്ടാതിഥികൾ ദേശീയ യുദ്ധസ്മാരകം, പിഎം സംഗ്രഹാലയം എന്നിവയും നഗരത്തിലെ മറ്റ് പ്രമുഖ സ്ഥലങ്ങളും സന്ദർശിക്കും, കൂടാതെ അതത് മന്ത്രിമാരുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും.
മുൻകേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രത്യേക താൽപ്പര്യപ്രകാരം മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു തുടങ്ങിയവരുടെ നിർദ്ദേശമനുസരിച്ച് അഞ്ചുതെങ്ങ് മേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളി പ്രതിനിധികൾക്ക് വേണ്ടി അഞ്ചുതെങ്ങ് സജൻ നൽകിയ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ക്ഷണം ലഭിച്ചത്.